റബര്‍ ഷീറ്റ് മോഷണം: ഒരാൾകൂടി അറസ്റ്റിൽ
1425030
Sunday, May 26, 2024 6:01 AM IST
കറുകച്ചാല്‍: റബര്‍ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ചമ്പക്കര കല്ലിങ്കല്‍ കെ.എസ്. അഭയദേവ് (24) എന്നയാളെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചമ്പക്കര ഭാഗത്ത് റബര്‍ ഷീറ്റ് ഉണക്കി സൂക്ഷിക്കുന്ന ഷെഡിന്റെ മേല്‍ക്കൂര ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പൊളിച്ച് അകത്തുകയറി ഇവിടെ സൂക്ഷിച്ചിരുന്ന 20 കിലോ വരുന്ന റബര്‍ ഷീറ്റുകളും 15 കിലോയോളം ഉള്ള ഒട്ടുപാലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും എം.കെ. അഖില്‍, കൃഷ്ണകുമാര്‍ രാമകൃഷ്ണന് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍കൂടി പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.