നാശംവിതച്ച് കാറ്റും മഴയും
1436408
Monday, July 15, 2024 10:26 PM IST
കാറ്റ് വീശിയത് മിനിറ്റുകൾ മാത്രം; കോഴാ, മണ്ണയ്ക്കനാട് മേഖലയിൽ കനത്തനാശം
കുറവിലങ്ങാട്: കാറ്റ് വീശിയത് മിനിറ്റുകൾ മാത്രമെങ്കിലും കനത്തനാശം. ഇന്നലെയുണ്ടായ കാറ്റിൽ കോഴാ, മണ്ണയ്ക്കനാട്, കടപ്ലാമറ്റം, ഇലയ്ക്കാട് പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്. ഈ മേഖലയിലായി ഏഴ് വീടുകൾക്ക് നാശനഷ്ടമുണ്ടായതായാണ് കണക്ക്. ഇന്നലെ പകൽസമയത്ത് രണ്ട് തവണകളിലായി മിനിറ്റുകൾ മാത്രം നീണ്ട കാറ്റിലാണ് നാശമുണ്ടായത്.
കാർഷികമേഖലയ്ക്കാണ് കനത്ത നാശമുണ്ടായത്. ഗ്രാമീണമേഖലയിലെ റോഡുകളിലേറെയും മരം വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി വിതരണവും തടസപ്പെട്ടു. കോഴാ-മണമ-മണ്ണയ്ക്കനാട് റോഡിൽ മരം വീണ് പല സ്ഥലങ്ങളിലും ഗതാഗത തടസമുണ്ടായി. ഓലിക്കാട്ടുമലയിൽ ബിന്ദു പീറ്ററിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ ഭാഗികമായി പറന്നുപോയി.
കുറിച്ചിത്താനത്ത് മാലാനാകരോട്ട് തോമസിന്റെ വീടിന് മരം വീണ് കേടുപാടുകളുണ്ടായി. കോഴാ ചെറുകാട്ടിൽ കുര്യാച്ചന്റെ തേക്ക് കടപുഴകി വീണു. പനംങ്കുഴയ്ക്കൽ കുര്യൻ പി. ജോർജ്, തുറുവേലിക്കുന്നേൽ സണ്ണി എന്നിവരുടേയും മരങ്ങൾ കാറ്റിൽ നശിച്ചിട്ടുണ്ട്.
പൈക്കാട്ടിൽ റബർമരങ്ങൾക്ക് കാര്യമായ നാശനഷ്ടം നേരിട്ടു. മരം കാറിന് സമീപത്തേക്ക് വീണുവെങ്കിലും കാറിന് കേടുപാടുകളില്ലാതെ രക്ഷപ്പെട്ടു.
അന്ത്യാളത്ത്
വൈദ്യുതിയില്ല
അന്ത്യാളം: രാമപുരം സെക്ഷന്റെ കീഴില്‍ വരുന്ന ഏഴാച്ചേരി അന്ത്യാളം പ്രദേശങ്ങളില്‍ കഴിഞ്ഞ നാലു ദിവസങ്ങളായി വൈദ്യതിയില്ലാത്തതിനാല്‍ ജനം കടുത്ത ദുരിതത്തിൽ.
കാലവര്‍ഷക്കെടുതിമൂലം വൈദ്യുതിബന്ധം പൂർണമായും താറുമാറായി കിടക്കുകയാണ്. വൈദ്യുതി എത്തിക്കുവാനുളള നടപടി എത്രയും വേഗം സീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രവിത്താനത്ത് കാറ്റില്‍ വ്യാപക നാശനഷ്ടം
പാലാ: ശക്തമായ കാറ്റില്‍ പ്രവിത്താനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചയോടെയാണ് ടൗണിനു സമീപം കാറ്റ് നാശം വിതച്ചത്. മരം ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു. മരം വീണ് മുളകുന്നേല് റോയിയുടെ വീടിന് നാശനഷ്ടമുണ്ടായി. ഇട്ടേട്ട് മേരിയുടെ പുരയിടത്തില്‍നിന്ന മരം കടപുഴകി വീണു. മരം വൈദ്യുതിലൈനിലേക്ക് വീണാണ് പോസ്റ്റുകള്‍ ഒടിഞ്ഞത്. പ്രവിത്താനം-പുലിമലക്കുന്ന്, പ്രവിത്താനം-ചൂണ്ടച്ചേരി റോഡുകളിലൂടെയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.