ജനകീയവിഷയം പരിഹരിച്ച് യൂത്ത് ഫ്രണ്ട്-എം
1436549
Tuesday, July 16, 2024 10:38 PM IST
ചെമ്മലമറ്റം: ചെമ്മലമറ്റം സ്കൂളിന് പുറകിലായി തിടനാട് പഞ്ചായത്ത് ആറാം വാർഡിലൂടെ ഒഴുകുന്ന തോടിന് കുറുകയുള്ള നടപ്പാലത്തിൽ കൈവരികൾ നിർമിച്ച് യൂത്ത് ഫ്രണ്ട്-എം.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഈ പാലം ദിവസേന ഉപയോഗിക്കുന്നുണ്ടെങ്കിലും കൈവരികൾ ഇല്ലാത്തതിനാൽ പാലത്തിലൂടെയുള്ള യാത്ര പ്രയാസകരമായിരുന്നു. കഴിഞ്ഞമാസം ഒരു വയോധികൻ പാലത്തിൽനിന്ന് താഴെ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മേൽപ്പാലം പഞ്ചായത്ത് അസറ്റ് രജിസ്റ്ററിൽ ഇല്ലാത്തതിനാൽ കൈവരി നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതേത്തുടർന്നാണ് യൂത്ത് ഫ്രണ്ട്-എം നേതാക്കളായ അബേഷ് അലോഷ്യസിന്റെയും ഷെറിൻ പെരുമാംകുന്നിലിന്റെയും നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട്-എം തിടനാട് മണ്ഡലം കമ്മിറ്റി സ്വന്തം നിലയ്ക്ക് കൈവരി നിർമിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ പാലത്തിലൂടെ സഞ്ചരിക്കുന്ന കുട്ടികൾ ഉദ്ഘാടനം നിർവഹിച്ചു.