പലരും നശിക്കാനും ഇല്ലാതാകാനും കാരണം മദ്യവും മയക്കുമരുന്നും: ഫാ. ചന്ദ്രന്‍കുന്നേല്‍
1436656
Wednesday, July 17, 2024 2:16 AM IST
കടുത്തുരുത്തി: കുടുംബത്തിനും നാടിനും രാജ്യത്തിനും മുതല്‍ക്കൂട്ടാവേണ്ട മികവുറ്റ വ്യക്തിത്വങ്ങള്‍ പലരും നശിക്കാനും ഇല്ലാതാകാനും കാരണമായത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെയാണെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. പലരുടെയും ജീവിതങ്ങള്‍ ഇതിനുദാഹരണമായി സമൂഹത്തിന് മുമ്പിലുണ്ടെങ്കിലും ഇവ കാണാതെ പോകുന്നതാണ് കൂടുതല്‍പേര്‍ ഈ നാശത്തിന്റെ പിടിയലകപ്പെടാന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. ചന്ദ്രന്‍കുന്നേല്‍.
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികളെ കെണിയിലാക്കാന്‍ വന്മാഫിയാകള് രംഗത്തുള്ളപ്പോള്‍ മാതാപിതാക്കളും അധ്യാപകരുമെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നു സെമിനാറിന് നേതൃത്വം നല്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. റോബിമോന്‍ മുന്നറിയിപ്പ് നല്കി. സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടന്ന ബോധവത്കരണ സെമിനാറില്‍ രക്ഷിതാക്കള്‍, വിവിധ സംഘടനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജാഗ്രതാസമിതി പ്രസിഡന്റ് സി.എം. മാത്യു, സെക്രട്ടറി പി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.