കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി മുടങ്ങിയത് ഒരു ദിവസത്തിലേറെ
1438246
Monday, July 22, 2024 10:58 PM IST
കാഞ്ഞിരപ്പള്ളി: വൈദ്യുതി കേബിൾ പണിമുടക്കിയതോടെ കാഞ്ഞിരപ്പള്ളി ടൗണിൽ ഏതാനും ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. ഞായറാഴ്ച മുടങ്ങിയ വൈദ്യുതി ഇന്നലെ വൈകുന്നേരം നാലോടെയാണ് പുനഃസ്ഥാപിച്ചത്. വൈദ്യുതിമുടക്കത്തിന് പരിഹാരമാകുമെന്നു പറഞ്ഞ് സ്ഥാപിച്ച എബിസി കേബിളാണ് വൈദ്യുതിവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയത്.
ലൈൻകന്പിക്കു പകരം കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽനിന്നു സ്ഥാപിച്ച എബിസി കേബിളാണ് വില്ലനായത്. കേബിൾ ഷോർട്ടാകുന്നതാണ് പ്രശ്നമെന്നും ചില ഭാഗത്ത് മാത്രമാണ് പ്രശ്നമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, കേബിളിൽ എവിടെയാണ് പ്രശ്നമെന്ന് കണ്ടെത്താൻ സാധിക്കാതെയിരുന്നത് അധികൃതരെ കുഴക്കി. വ്യാപാര സ്ഥാപനങ്ങളുടെയും വിവിധ ഓഫീസുകളുടെയും പ്രവർത്തനത്തെ വൈദ്യുതിമുടക്കം സാരമായി ബാധിച്ചു.
തുടർച്ചയായുണ്ടാകുന്ന വൈദ്യുതിമുടക്കത്തിന് പരിഹാരമാകുമെന്ന പേരിലാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽനിന്ന് ഏഴു കിലോമീറ്റർ ചുറ്റളവിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് 110 കെവി വൈദ്യുതിപോസ്റ്റുകൾ വഴി കേബിൾ വലിച്ചിട്ടുള്ളത്.