കുട്ടികളുടെ സമരം വിജയിച്ചു; എരുമേലി നിർമല സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്തു
1438248
Monday, July 22, 2024 10:58 PM IST
എരുമേലി: തകർന്ന് അപകടത്തിലായ സ്കൂൾ റോഡ് നന്നാക്കാൻ പ്രതിഷേധസമരം നടത്തിയ വിദ്യാർഥികൾക്ക് മുന്നിൽ ജനപ്രതിനിധികൾ കണ്ണ് തുറന്നു. റോഡിന്റെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് പരാതി പരിഹരിച്ച് അധികൃതർ. എരുമേലി സെന്റ് തോമസ്-നേർച്ചപ്പാറ റോഡിന്റെ തുടക്കത്തിലുള്ള തകർന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. ഇന്നലെ രാവിലെ ആരംഭിച്ച പണികൾ വൈകുന്നേരം പൂർത്തിയായി. ഇനി ഏതാനും ദിവസത്തേക്ക് റോഡ് അടച്ചിടും. കോൺക്രീറ്റ് പൂർണമായി ഉറച്ചശേഷം ഗതാഗതം ആരംഭിക്കും.
വലിയ കുഴികളായി മാറി റോഡിന്റെ തുടക്കഭാഗം തകർന്ന നിലയിൽ അപകട സാധ്യതയിലായിരുന്നു. നിവേദനങ്ങൾ നൽകിയിട്ടും റോഡ് നന്നാക്കാൻ നടപടികളായിരുന്നില്ല. തുടർന്നാണ് നിർമല സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും എത്തി പരാതി നൽകിയത്. ഒപ്പം ജില്ലാ കളക്ടർക്കും പരാതികൾ അയച്ചു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഇടപ്പെട്ട് ദുരന്ത നിവാരണ സ്കീമിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. വാർഡ് അംഗം ഷാനവാസ് പുത്തൻവീട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
നടപടികൾ സ്വീകരിച്ച പഞ്ചായത്ത് അധികൃതർക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.