പോലീസ് വാഹനം ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ
1438257
Monday, July 22, 2024 10:58 PM IST
ഈരാറ്റുപേട്ട: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ച് തകർത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് തൈമഠത്തിൽ ഷാനവാസ് യാക്കൂബ് (സാത്താൻ ഷാനു-33), പുലിയന്നൂർ തെക്കുംമുറി തെക്കേതിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
കഴിഞ്ഞദിവസം ജില്ലയിൽ മയക്കുമരുന്ന് വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡ് വാഹനപരിശോധന നടത്തുന്നതിനിടെ ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർ സഞ്ചരിച്ചുവന്ന കാര്‍ നിർത്താൻ പോലീസ് ഉദ്യോഗസ്ഥർ കൈ കാണിക്കുകയും, തുടർന്ന് ഇവർ വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും, പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്നെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു.
ജിജോ ജോർജ് തൊടുപുഴ, തൃശൂർ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാർ, കാഞ്ഞാർ, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ സ്റ്റേഷനുകളിലും ഷാനവാസ് യാക്കൂബ് ഈരാറ്റുപേട്ട സ്റ്റേഷനിലും അഭിലാഷ് രാജു കിടങ്ങൂർ, പീരുമേട് എക്സൈസ്, പാലാ എന്നീ സ്റ്റേഷനുകളിലും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.