അല്‍ഫോന്‍സാമ്മ സാധാരണ ജീവിതത്തെ അസാധാരണമാക്കി: ബിഷപ് ജസ്റ്റിന് മഠത്തിപ്പറമ്പില്‍
1438260
Monday, July 22, 2024 10:58 PM IST
ഭരണങ്ങാനം: സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാന്‍ സുവിശേഷാടിസ്ഥാനത്തില്‍ ജീവിച്ച അല്‍ഫോന്‍സാമ്മയ്ക്ക് സാധിച്ചുവെന്ന് വിജയപുരം രൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ക്രൈസ്തവ ജീവിതത്തിന്റെ അളവുകോല്‍ വിശുദ്ധിയാണ്. അതുകൊണ്ട് വിശുദ്ധരാകാന്‍ ഒരിക്കലും ഭയപ്പെടരുത്. ചിന്തയിലും പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പാലിക്കുന്നവരായിരിക്കണമെന്നും ബിഷപ് പറഞ്ഞു. ഫാ. ടോം ജോസ്, ഫാ. ജോഷി പുതുപ്പറമ്പില്‍, ഫാ. ഫെര്‍ണാണ്ടസ് ജിതിന്, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. നിധിന് സേവ്യര്‍ വലിയതറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇന്നലെ വിവിധ സമയങ്ങളിലായി മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ഏബ്രഹാം കണിയാംപടിക്കല്, ഫാ. ജോസഫ് മുകളേപ്പറമ്പില്‍, ഫാ. തോമസ് കാലാച്ചിറയില്‍, ഫാ. മാത്യു മുതുപ്ലാക്കല്‍, ഫാ. എബിന് തയ്യില്‍, ഫാ. ജയിംസ് പനച്ചിക്കല്‍കരോട്ട്, ഫാ. ജോസഫ് എഴുപറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍ ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു.