ലേബര്‍ ഇന്ത്യ നോളജ് സിറ്റിയില്‍ ഐക്യരാഷ്ട്രസഭ പുനരാവിഷ്കരണം
1601392
Monday, October 20, 2025 11:36 PM IST
കോട്ടയം: ഐക്യരാഷ്ട്രസഭ പുനരാവിഷ്കരണം (യുഎന്‍ റെപ്ലിക്ക) മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ നോളജ് സിറ്റിയില്‍ 24, 25 തീയതികളില്‍ നടത്തും. 2016ല്‍ ഇന്ത്യന്‍ മുന്‍ അംബാസഡറും ഐഎഇഎയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായിരുന്ന അംബാസഡര്‍ ടി.പി. ശ്രീനിവാസനും ലേബര്‍ ഇന്ത്യ ഡയറക്ടർ രാജേഷ് ജോര്‍ജ് കുളങ്ങരയുമാണ് ഈ സംരംഭത്തിനു തുടക്കമിട്ടത്. ഇതിന്റെ പത്താം വാര്‍ഷികാഘോഷമാണ് ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നത്.
തെരഞ്ഞെടുത്ത കോളജുകളിലെയും സ്കൂളുകളിലെയും 193 വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്. യുഎന്‍ റെപ്ലിക്കയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ചു പ്രസംഗിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനരീതിയും വര്‍ത്തമാനകാല പ്രസക്തിയും പുതുതലമുറയെ ബോധ്യപ്പെടുത്താനാണു മാതൃകാ യുഎന്‍ നടത്തുന്നത്. പരിപാടിയുടെ ആദ്യഘട്ട പരിശീലനം ഏതാനും ആഴ്ച മുമ്പ് നടന്നു. ഐക്യരാഷ്ട്ര സംഘടനയിലെ 193 രാജ്യങ്ങളുടെ പതാക, വേഷവിധാനങ്ങള്‍, ഓരോ രാജ്യത്തെയും ഭക്ഷണം തുടങ്ങിയവ എല്ലാം ഒരുക്കിയാണ് മാതൃകാ യുഎന്‍ ചേരുന്നത്.
ഐക്യരാഷ്ട്രസഭയിലെ സെക്യൂരിറ്റി കൗണ്‍സിലും ജനറല്‍ അസംബ്ലിയും ഇവിടെ പുനരാവിഷ്കരിക്കുകയാണ്. ഹോഴ്സ് ഷൂ മാതൃകയില്‍ ഉള്ള ഇരിപ്പിടം, മ്യൂറല്‍ പെയിന്റിംഗ് തുടങ്ങിയവ എല്ലാം ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഹാളില്‍ കാണുന്ന രീതിയില്‍ തന്നെയാണ് ലേബര്‍ ഇന്ത്യയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. യുഎന്‍ റെപ്ലിക്ക 2025 ദശാബ്ദി സമ്മേളനത്തിനായി ലേബര്‍ ഇന്ത്യ നോളജ് സിറ്റിയിലേക്ക് തിരിച്ചെത്തുമ്പോള്‍, ആഗോള രാഷ്ട്രീയം, അന്താരാഷ്ട്ര ചര്‍ച്ചകള്‍, യുവ നയതന്ത്രം എന്നിവയുടെ രണ്ട് ദിനങ്ങളിലായി നടക്കുന്ന ഈ പരിപാടിയില്‍ പങ്കുചേരാന്‍ രാജ്യത്തുടനീളമുള്ള സ്കൂളുകളെയും കോളജുകളെയും ക്ഷണിച്ചു.
പത്രസമ്മേളനത്തില്‍ ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, റസിഡന്റ് ഡയറക്ടര്‍ ടിനു രാജേഷ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോമില്‍ ആന്റണി ജോണ്സണ്, യുഎന്‍ സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍മാരായ അഡ്വൈത് വിജയ്, ഹന്നാ മറിയം ജോര്‍ജ്, ഹരോള്‍ഡ് രാജേഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു