ദൈവദാസന് മാര്‍ കാവുകാട്ടിന്റെ സുഗന്ധവ്യഞ്ജനങ്ങളാല്‍ നിര്‍മിച്ച ചിത്രം കബറിടത്തില്‍ സമര്‍പ്പിച്ച് കുടുംബക്കൂട്ടായ്മ
1601472
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: ദൈവദാസന് മാര്‍ കാവുകാട്ടിന്റെ ചിത്രം സുഗന്ധവ്യഞ്ജനങ്ങളാല്‍ നിര്‍മിച്ച് കബറിടത്തില്‍ സമര്‍പ്പിച്ച് കുടുംബക്കൂട്ടായ്മ യൂണിറ്റ്.
കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ഇടവകയിലെ 27-ാം വാര്‍ഡിലെ ഒന്നാം കുടുംബക്കൂട്ടായ്മ യൂണിറ്റാണ് പുണ്യവഴി തേടി പുതിയ മാതൃക സ്വീകരിച്ചത്. കുടുംബക്കൂട്ടായ്മ യൂണിറ്റ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ പേരിലുള്ളതാണ്.
മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയോട് ചേര്‍ന്നുള്ള കബറിട പള്ളിയില്‍ കൂട്ടായ്മ അംഗങ്ങള്‍ എത്തിയാണ് സുഗന്ധവ്യഞ്ജനങ്ങളാല്‍ നിര്‍മിച്ച ചിത്രം സമര്‍പ്പിച്ചത്.
മാര്‍ മാത്യു കാവുകാട്ട് വൈദികനായിരിക്കേ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചിരുന്ന പള്ളിയില്‍ അസിസ്റ്റന്റ് വികാരി ഫാ. തോമസ് താന്നിമലയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തി. തുടര്‍ന്ന് മാര്‍ മാത്യു കാവുകാട്ട് മ്യൂസിയത്തിലേക്ക് ചിത്രം കൈമാറി.
കുറവിലങ്ങാട് ഇടവക പള്ളിയില്‍നിന്ന് ആരംഭിച്ച തീര്‍ഥാടനം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഫ്ളാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. തോമസ് താന്നിമലയില്‍, ഫാ. ജോസഫ് ചൂരയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളോടെയാണ് ചങ്ങനാശേരി കത്തീഡ്രലിലേക്കുള്ള തീര്ഥാടനമാരംഭിച്ചത്.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബക്കൂട്ടായ്മ ജനറല്‍ ലീഡര്‍ ബോബിച്ചന് നിധീരി, സോണ്‍ ലീഡര്‍ സണ്ണി വെട്ടിക്കാട്ട്, യൂണിറ്റ് പ്രസിഡന്റ് പോള്‍സണ്‍ ചേലക്കാപ്പിള്ളില്, സെക്രട്ടറി സുമി റോയി ഓലിക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു കാവുകാട്ട് നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം ചിത്രം ഏറ്റുവാങ്ങി.
സുഗന്ധവ്യഞ്ജനങ്ങള്കൊണ്ട് മാര്‍ കാവുകാട്ടിന്റെ ചിത്രം
ചുക്ക്, മഞ്ഞള്‍, ഏലക്ക, ഗ്രാമ്പൂ, കുരുമുളക്, കറുവ എന്നിങ്ങനെ പത്തിനം സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ഒരു മാസത്തോളം നീണ്ട പരിശ്രമങ്ങളിലാണ് ചിത്രം ഒരുക്കിയതെന്ന് യൂണിറ്റ് ഭാരവാഹികളായ പോള്‍സണ്‍ ചേലയ്ക്കാപ്പള്ളിയും സുമി റോയിയും പറഞ്ഞു. ചിത്രകലയില്‍ ശ്രദ്ധേയനായ സണ്ണി ഇടത്തിനാലാണ് ചിത്രം ക്രമീകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.