തേനീച്ചയുടെ കുത്തേറ്റു വിനോദസഞ്ചാരികൾക്ക് പരിക്ക്
1601399
Tuesday, October 21, 2025 12:12 AM IST
ചെറുതോണി: പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 13 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിലെത്തിയ എറണാകുളം സ്വദേശികൾക്കാണ് ആദ്യം കുത്തേറ്റത്. പാറയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഞ്ചാരികൾ തേനീച്ചയുടെ കുത്തേറ്റ് ഓടുന്നതുകണ്ട് രക്ഷിക്കാനെത്തിയ നാട്ടുകാരെയും ഈച്ചകൾ ഓടിച്ചിട്ട് കുത്തി. സമീപ പ്രദേശത്ത വീടുകളിലുണ്ടായിരുന്നവർക്കും തേനീച്ചയുടെ ആക്രമണമുണ്ടായി.
എറണാകുളം സ്വദേശികളായ ഹംബൽ (20), സ്റ്റെഫി ജോസ് (28), ബിൽദാർ (20 ), നബീൽ (20), അഖിൽ (20), മുബാരീസ് (21) എന്നിവർക്കും സമീപവാസികളായ ഓടമ്പള്ളിൽ സൗമ്യ (43), സാബു ഇഞ്ചയിൽ (48), സാബുവിന്റെ ഭാര്യ ലിറ്റിൽ (45), ഇവരുടെ മക്കളായ അമല (11 ), ആഗ്നസ് (7) എന്നിവർക്കും രക്ഷിക്കാനെത്തിയ ചാക്കോ (56), പ്രതീഷ് ചാമക്കാല എന്നിവർക്കുമാണ് തേനീച്ച യുടെ കുത്തേറ്റത്.
ഇവരെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരിൽ ആഗ്നസ്, അമല എന്നിവരൊഴികെ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരുന്ത് കൂടിളക്കിയതിനെത്തുടർന്നാവണം ഈച്ചകൾ ഇളകിയതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.