കടുത്തുരുത്തിയില്‍ സമഗ്ര കൂണ്‍ഗ്രാമ പ്രഖ്യാപനവും കിസാന്‍മേളയും ഇന്ന്
1601466
Tuesday, October 21, 2025 1:42 AM IST
കടുത്തുരുത്തി: സമഗ്ര കൂണ്‍ഗ്രാമ വികസനപദ്ധതി പൂര്‍ത്തീകരണവും സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷിപദ്ധതി കിസാന്‍മേളയും ഇന്നു കടുത്തുരുത്തിയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ 3.30ന് നടക്കുന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ചു കര്‍ഷകരുടെ ഉത്പന്നങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തു മുതല്‍ ഏഴു വരെ കാര്‍ഷിക പ്രദര്‍ശന മേളയും ഉണ്ടായിരിക്കും.
2024-25 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കൂണ്‍കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗോവിന്ദ് നയിക്കുന്ന ശാസ്ത്രീയ കൂണ്‍കൃഷിയും സംരംഭകത്വവും എന്ന വിഷയത്തില്‍ 11 മുതല്‍ സെമിനാറും നടക്കും. നിരവധി കര്‍ഷകരെ കൂണ് കൃഷിയിലേക്ക് ആകര്‍ഷിക്കാനും മൂല്യാധിഷ്ഠിത ഉത്പന്നങ്ങളിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിനും പദ്ധതി സഹായിച്ചു.
കിസാന്‍ മേളയുടെ ഉദ്ഘാടനം കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ആദ്യവില്പന സി.കെ. ആശ എംഎല്‍എയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തും. മിഷന് ഡയറക്ടര്‍ സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.