തീക്കോയിയിൽ തീ പാറും
1601389
Monday, October 20, 2025 11:36 PM IST
തീക്കോയി ഗ്രാമപഞ്ചായത്ത്
വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുന്പോൾ തീക്കോയിയിലെ വികസന നേട്ടങ്ങളും കോട്ടങ്ങളും ഭരണപക്ഷവും പ്രതിപക്ഷവും പങ്കുവയ്ക്കുന്നു.
തീക്കോയി പഞ്ചായത്ത്
1962 ജനുവരി ഒന്നിന് രൂപീകൃതമായ തീക്കോയി പഞ്ചായത്ത് കഴിഞ്ഞ 25 വർഷമായി തുടർച്ചയായി യുഡിഎഫ് ഭരണത്തിലാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ മാർമല അരുവി, കാരികാട് ടോപ്പ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിലാണ്.
തീക്കോയി പഞ്ചായത്തിൽ 13 വാർഡുകളാണ് നിലവിലുള്ളത്. വാർഡ് വിഭജനം വരുമ്പോൾ 14 വാർഡുകളാകും. കോൺഗ്രസിലെ കെ.സി. ജെയിംസാണ് പ്രസിഡന്റ്.
പഞ്ചായത്തിലാകെ
വികസനമെത്തിച്ചു
കെ.സി. ജെയിംസ്
(പ്രസിഡന്റ്)
തീക്കോയി പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കുകയും എല്ലാ ഭവനങ്ങളിലും ജലനിധി പ്രകാരം കുടിവെള്ളമെത്തിക്കുകയും ചെയ്തു.
മുഴുവൻ പൊതുവഴികളിൽ വഴിവിളക്കുകളും പ്രധാന ജംഗ്ഷനുകളിൽ ഉയരവിളക്കുകളും സ്ഥാപിച്ചു.
സമ്പൂർണ ഭവനപദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് കാര്യാലയവും 14 അങ്കണവാടികളും നവീകരിച്ചു.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കി.
പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി 17 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയും 80 ലക്ഷം രൂപ മുടക്കി ടൗണിൽ പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.
ഒറ്റയീട്ടി, കല്ലം സബ് സെന്ററുകൾക്ക് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിക്കുകയും ചെയ്തു.
ആയുർവേദ ഹോമിയോ ആശുപത്രികൾ നവീകരിച്ചു.
കുടുംബശ്രീ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടിയുടെ കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കി.
കെടുകാര്യസ്ഥതയുടെ
അഞ്ച് വർഷം
സിബി രഘുനാഥൻ
(പ്രതിപക്ഷ നേതാവ്)
തീക്കോയി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം മെയിന്റനൻസ് ഗ്രാൻഡ് ആയി സർക്കാർ നൽകിയ 80 ലക്ഷം രൂപ നഷ്ടപ്പെടുത്തി.
പഞ്ചായത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു സാധ്യതയും പ്രയോജനപ്പെടുത്താൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അടുത്ത ദിവസംവരെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ മാലിന്യം നിറഞ്ഞുകിടക്കുന്ന സാഹചര്യമായിരുന്നു.
ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കടന്നുവരുന്ന പഞ്ചായത്ത് പ്രദേശത്ത് ഒരു ശൗചാലയ സൗകര്യം ഒരുക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല.
മാലിന്യനിർമാർജനത്തിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റും ജനറേറ്ററും തുരുമ്പെടുത്ത നശിക്കുകയാണ്. ഇതുവഴി 25 ലക്ഷം രൂപ നഷ്ടം വരുത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനറൽ വിഭാഗത്തിൽപെട്ട ഒരാൾക്ക് പോലും വീട് വാസയോഗ്യമാക്കി നൽകിയില്ല.
പുതിയതായി 10 മീറ്റർ റോഡ് പോലും കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നിർമിച്ചിട്ടില്ല.
കേന്ദ്ര, സംസ്ഥാന പദ്ധതികളും എംഎൽഎയുടെ വികസന പ്രവർത്തനങ്ങളും തന്റേതാണെന്ന് കാണിക്കുക മാത്രമാണ് പ്രസിഡന്റും ഭരണസമിതിയും ചെയ്തിട്ടുള്ളത്.
കക്ഷിനില
കോൺഗ്രസ് - ആറ്, സിപിഎം - രണ്ട്, സിപിഐ - ഒന്ന്, കേരള കോൺഗ്രസ് - ഒന്ന്, കേരള കോൺഗ്രസ് എം - ഒന്ന്, എസ്ഡിപിഐ സ്വതന്ത്രൻ - ഒന്ന്, സ്വതന്ത്രൻ - ഒന്ന്.