ഭൂസർവേ ജോലികൾ അവസാന ഘട്ടത്തിൽ
1601386
Monday, October 20, 2025 11:36 PM IST
എരുമേലി: ഹിൽമെന്റ് സെറ്റിൽമെന്റ് പ്രദേശത്തെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് വില്ലേജുകളിൽ ആരംഭിച്ച ഭൂസർവേ ജോലികൾ അവസാന ഘട്ടത്തിൽ. ഇനി എരുമേലി തെക്ക് വില്ലേജിലെ ഒന്പത്, 10 വാർഡുകളിലെ ഭൂമി സർവെ പൂർത്തിയാകാനുണ്ട്. ഈ വാർഡുകളിൽ നാളെ മുതൽ സർവേ തുടങ്ങുമെന്ന് സർവേ വിഭാഗം ലാൻഡ് അസൈൻമെന്റ് യൂണിറ്റ് സ്പെഷൽ തഹസീൽദാർ അറിയിച്ചു. അതിന് മുമ്പായി ഭൂമി ഉടമകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോയിക്കക്കാവ് ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് യോഗം ചേരുക.
സർവേ നടപടികൾക്ക് തുടക്കം കുറിച്ച എരുമേലി തെക്ക് വില്ലേജിൽ ഇരുമ്പൂന്നിക്കര ഭാഗത്ത് നാല് ബ്ലോക്കുകളിൽ ആദ്യം തന്നെ സർവേ പൂർത്തിയായിരുന്നു. തുടർന്ന് എരുമേലി വടക്ക് വില്ലേജിലും കോരുത്തോട് വില്ലേജിലുമായി 34 ബ്ലോക്കിലെ സർവേ പൂർത്തീകരിച്ചു. എരുമേലി വടക്ക് വില്ലേജ് പൂർണമായും സർവേ ചെയ്തു കഴിഞ്ഞു. എരുമേലി തെക്ക് വില്ലേജിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ 22 മുതൽ സർവേ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
എരുമേലി പഞ്ചായത്ത് ഒന്പത്,10 വാർഡുകളിൽ വരുന്ന കോയിക്കകാവ്, ആശാൻ കോളനി പ്രദേശങ്ങളിലാണ് 22 മുതൽ സർവേ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് സർവേ സംവിധാനങ്ങളെയും രീതികളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ഭൂമി ഉടമകളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായാണ് വാർഡ് ഒന്പത്, 10ലെ കോയിക്കകാവ്, ആശാൻ കോളനി ഭാഗത്തുള്ള ഭൂമി ഉടമകളുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിൽ 1450 ഹെക്ടർ പ്രദേശത്തെ പതിനായിരത്തോളം കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് അനുവദിപ്പിച്ച മുണ്ടക്കയം പുത്തൻചന്തയിലെ സ്പെഷൽ തഹസീൽദാർ ഓഫീസ് മുഖേനെ നാല് ടീമുകളായി 17 ഉദ്യോഗസ്ഥർ ഉൾപ്പെട്ട റവന്യു വിഭാഗം സ്പെഷൽ സർവേ സംഘത്തിന്റെ നേതൃത്വത്തിലാണ് സർവേ. 2020 ജൂൺ രണ്ടിലെ സർക്കാർ ഉത്തരവിലൂടെയാണ് ഈ പ്രദേശങ്ങളിൽ പട്ടയം അനുവദിക്കുന്നതിന് നടപടികൾ ആദ്യം തുടങ്ങിയത്. എന്നാൽ ഏഴായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടും തുടർ നടപടികളായില്ല. 2010ൽ വനാവകാശ രേഖ ലഭിച്ച ഈ വില്ലേജുകളിലെ ആദിവാസി കുടുംബങ്ങൾക്കും പട്ടയം ലഭിച്ചിരുന്നില്ല.
പട്ടയം ഇല്ലാത്തതിനാൽ നിലവിൽ മൂന്നിരട്ടി നികുതിയാണ് ഭൂമി ഉടമകൾ നൽകിക്കൊണ്ടിരുന്നത്. പട്ടയം ലഭിക്കുന്നതോടെ ഇനിസാധാരണ നികുതിയാണ് ബാധകമാവുക. പട്ടയം ഇല്ലാത്തതിനാൽ അനധികൃത നിർമാണങ്ങളായാണ് പഞ്ചായത്ത് നികുതി രജിസ്റ്റർ പ്രകാരം ഈ മേഖലകളിലെ നിർമാണങ്ങൾ കണക്കാക്കിയിരുന്നത്. കുടുംബങ്ങൾക്ക് ഭവന നിർമാണം ഉൾപ്പെടെ സർക്കാർ പദ്ധതി പ്രകാരമുള്ള ധനസഹായങ്ങൾ ലഭിക്കുന്നതിനും തടസം നേരിട്ടിരുന്നു. സ്ഥലങ്ങൾ വിൽക്കാനും ബാങ്ക് വായ്പ സ്വീകരിക്കാനുമൊക്കെ പട്ടയം ഇല്ലാത്തത് മൂലം സാധിച്ചിരുന്നില്ല.