മണ്ഡലകാലത്തിന് ഒരു മാസം ബാക്കി; ഒരുക്കങ്ങള്‍ മന്ദഗതിയില്‍
1601398
Tuesday, October 21, 2025 12:12 AM IST
കോട്ടയം: ശബരിമല മണ്ഡലകാലത്തിന് 28 ദിവസം മാത്രം ബാക്കി നിർക്കെ രണ്ടു കോടിയോളം തീര്‍ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ ഇനിയുമായിട്ടില്ല.
എരുമേലിയിലേക്കുള്ള പല ഗ്രാമീണ റോഡുകളുടെയും സ്ഥിതി ദയനീയമാണ്. വിവിധ ജില്ലകളില്‍നിന്ന് അന്‍പത് സ്പെഷല്‍ ബസുകളും 200 അധികം ജീവനക്കാരും എത്തുന്ന എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നില ദയനീയമാണ്. ചെളിക്കുളമായി മാറുന്ന ഡിപ്പോയില്‍ ടോയ്ലറ്റ് സൗകര്യം പരിമിതമാണ്. അന്പതുവര്ഷം പഴക്കമുള്ള എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് നേരിയ നവീകരണംപോലും നടത്താനായിട്ടില്ല.
27 വര്‍ഷം മുന്‍പ് അനുമതിയായ ശബരി റെയില്‍വേ പദ്ധതി ഇപ്പോഴും രേഖകളില്‍ മാത്രം. 2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിയും നിയമക്കുരുക്കില്തന്നെ. വന്യമൃഗശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനനപാത സുരക്ഷിതമാക്കാനോ ഇടത്താവളങ്ങളില്‍ വൈദ്യുതി എത്തിക്കാനോ നടപടിയായിട്ടില്ല. തുലാമഴ ഡിസംബര്‍ വരെ നീളുന്ന സാഹചര്യമുണ്ടായാല്‍ തീര്‍ഥാടനപാതയില്‍ മിന്നല്‍പ്രളയം നേരിടാനുള്ള സൗകര്യങ്ങളുമില്ല.
മുന്‍വര്‍ഷങ്ങളില്‍ നവംബറിന് മുന്‍പ് കാനനപാതയിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുമായിരുന്നു. എരുമേലിയില്‍ തീര്‍ഥാടകര്‍ക്ക് പേട്ട തുള്ളലിനായി പില്‍ഗ്രിം പാത്ത് നിര്‍മിക്കാനുള്ള പദ്ധതിക്ക് മൂന്നു പതിറ്റാണ്ട് പഴക്കമുണ്ട്.
എരുമേലിയില്‍ സ്ഥിരമായി ഫയര്‍ സ്റ്റേഷന് നിര്‍മിക്കണമെന്ന ആവശ്യവും നടപ്പായില്ല.
നിലവില്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍നിന്ന് ഒരു യൂണിറ്റ് താത്കാലികമായി സീസണില്‍ എരുമേലിയില്‍ ക്യാമ്പ് ചെയ്യുകയാണ് പതിവ്. പ്ലാച്ചേരി പാലം, കരിങ്കല്ലുമൂഴി കലുങ്ക് എന്നിവയുടെ കൈവരികള്‍ തകര്‍ന്നു കിടക്കുന്നു.
അപകട മേഖലയായ കരിങ്കല്ലുമൂഴി വളവില്‍ രൂപപ്പെട്ട കുഴി കിടങ്ങുപോലെയായിരിക്കുന്നു. പ്ലാച്ചേരി-എരുമേലി, കണമല- പമ്പ വനയോര പാതയുടെ ഇരുവശവും കാട് കയറിയ നിലയിലാണ്. പമ്പയില്‍ തിരക്കുകൂടുമ്പോള്‍ എരുമേലിയില്‍ തീര്‍ഥാടകവാഹനങ്ങള്‍ എരുമേലിയില്‍ തടയുക പതിവാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കുരുക്കില്‍ പെടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പാര്‍ക്കിംഗ് മൈതാനങ്ങള്‍ നിര്‍മിക്കാനും സാധിച്ചിട്ടില്ല.
ഇലക്ട്രിക് ചാര്‍ജിംഗ്
സൗകര്യമില്ല
കോട്ടയം: ഒട്ടേറെ ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും എരുമേലിയിലും പമ്പയിലും മണ്ഡലകാലത്ത് എത്തുന്നത്.
ഇത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം പാലാ, മുണ്ടക്കയം, പൊന്‍കുന്നം, മുക്കൂട്ടുതറ, പ്ലാച്ചേരി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം തീര്‍ഥാടക വാഹനങ്ങള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്ന സംഭവങ്ങള്‍ പലതുണ്ടായി.