കച്ചകെട്ടി കാഞ്ഞിരപ്പള്ളി
1601384
Monday, October 20, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുന്പോൾ കാഞ്ഞിരപ്പള്ളിയിലെ വികസന നേട്ടങ്ങളും കോട്ടങ്ങളും ഭരണപക്ഷവും പ്രതിപക്ഷവും പങ്കുവയ്ക്കുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
മലയോര മേഖലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് കാഞ്ഞിരപ്പള്ളി. 1958ലാണ് പഞ്ചായത്ത് രൂപീകൃതമായത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്ന 52.47 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പഞ്ചായത്താണ് കാഞ്ഞിരപ്പള്ളി. 23 വാർഡുകളുള്ള പഞ്ചായത്തിൽ 10 വർഷമായി എൽഡിഎഫ് ആണ് ഭരിക്കുന്നത്.
നേട്ടങ്ങൾ
കെ.ആർ. തങ്കപ്പൻ
(പഞ്ചായത്ത് പ്രസിഡന്റ്)
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നരക്കോടി രൂപ മുടക്കി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു. ഡിസംബറിൽ ഓഫീസ് പ്രവർത്തനമാരംഭിക്കും.
സഹൃദയ വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമിച്ചു. ഡിസംബറിൽ പ്രവർത്തനമാരംഭിക്കും.
കുടുംബശ്രീയുടെ ചുമതലയിൽ വഴിയോര വിശ്രമകേന്ദ്രം നിർമിച്ചു.
കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്മാർട്ട് അങ്കണവാടികൾ നിർമിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഒരുകോടി മുടക്കി വിഴിക്കത്തോട് പിഎച്ച്സി നിർമിച്ച് പ്രവർത്തനാമാരംഭിച്ചു. കാളകെട്ടി പിഎച്ച്സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് നടക്കും.
പ്ലാസ്റ്റിക് ശേഖരിച്ച് മാലിന്യ സംസ്കരണം നടത്തിവരുന്നു. ഒരുകോടി രൂപ മുടക്കി എംഎസിഎഫ്
നിർമാണം നടന്നു വരുന്നു. ഡിസംബറിൽ പൂർത്തിയാകും.
ലൈഫ് ഭവന പദ്ധതി വഴി 18.20 കോടി രൂപ മുടക്കി 400 വീട് പൂർത്തീകരിച്ചു നൽകി.
വിവിധ വാർഡുകളിൽ ഗ്രാമീണ റോഡുകളുടെ നവീകരണം നടത്തി.
ജൽജീവൻ പദ്ധതിയുടെ സഹായത്തോടെ 9400 വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പകുതിയോളം വീടുകളിൽ കുടിവെള്ളം എത്തിച്ചു.
വനിത വിപണന കേന്ദ്രത്തിൽ വനിതകൾക്കായി ഫിറ്റനസ് സെന്റർ ആരംഭിച്ചു.
സംസ്കാരിക കേന്ദ്രങ്ങൾ നിർമിച്ചു.
മേലരുവി, കരിന്പുകയം ടൂറിസം പദ്ധതികൾ ആരംഭിച്ചു.
കോട്ടങ്ങൾ
പി.എ. ഷെമീർ
(പ്രതിപക്ഷ നേതാവ്).
4കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമായിരുന്ന മിനി ബൈപാസ് നിർമാണത്തിന് 10 വർഷത്തിനിടയിൽ ഒരു രൂപ പോലും അനുവദിക്കാതെ രാഷ്ട്രീയ പ്രേരിതമായി അട്ടിമറിച്ചു.
പത്ത് വർഷം തുടർച്ചയായി അവസരം ലഭിച്ചിട്ടും യുവജനങ്ങൾക്കായിഒരു കളിക്കളം പോലും നിർമിക്കുന്നതിന് ഒരു നടപടിസ്വീകരിച്ചില്ല.
മാലിന്യ നിർമാർജനത്തിന് ഒരു സംവിധാനവും ഒരുക്കിയിട്ടില്ല.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്ന് ഒഴുകുന്ന മലിനജലം തോട്ടിലേക്ക് പോകുന്നത് തടയുന്നതിന് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
സഹൃദയ വായനശാലയ്ക്ക് ഭൂമി സൗജന്യമായി വിട്ടുനൽകിയ കെ.ജെ. തോമസ് കരിപ്പാപറമ്പിലിന്റെ പേര് വായനശാലയ്ക്ക് നൽകണമെന്ന കുടുംബക്കാരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
എംഎൽഎയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച പഞ്ചായത്ത് ഓഫീസ് നിർമാണം പണി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്ത് സ്വയം അപഹാസ്യരായി.
സഹൃദയ വായനശാലയുടെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലൈബ്രറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല.
കക്ഷിനില
സിപിഎം - 10, സിപിഐ - ഒന്ന്, കേരള കോൺഗ്രസ് (എം) - മൂന്ന്, കോൺഗ്രസ് - ആറ്, കേരള കോൺഗ്രസ് - ഒന്ന്, ബിജെപി - രണ്ട്.