അധ്യാപക ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം ; ഒപികളിലെത്തിയ രോഗികളുടെ എണ്ണത്തിൽ കുറവ്
1601400
Tuesday, October 21, 2025 12:12 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അധ്യാപക ഡോക്ടർമാർ ഇന്നലെ ഒപി ബഹിഷകരിച്ചു. സർക്കാർ മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപക തസ്തികകളുടെയും അപര്യാപ്തതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപി ബഹിഷ്കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം നടത്തിയത്. ദീപാവലിയും അധ്യാപക ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തെ തുടർന്നും ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ഒപിയിലെത്തിയ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.
ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഒപി ടിക്കറ്റ് എടുക്കുന്ന കൗണ്ടർ ആളൊഴിഞ്ഞ നിലയിലായിരുന്നു. സാധാരണ ഗതിയിൽ ഈ സമയത്തൊക്കെ ഒപി കൗണ്ടറിൽ വൻ തിരക്കായിരിക്കും. റുമറ്റോളജി വിഭാഗം ഒപി ഇന്നലെ പ്രവർത്തിച്ചില്ല.
എന്നാൽ റുമറ്റോളജി ഒപി ഉണ്ടെന്ന് കരുതി നിരവധി രോഗികളെത്തിയിരുന്നു. ഇവർ പിന്നീട് തിരിച്ചു പോകുകയായിരുന്നു. നേത്രവിഭാഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ രോഗികളുടെ തിരക്കില്ലായിരുന്നു. അധ്യാപക ഡോക്ടർമാർ മാത്രമാണ് ബഹിഷ്ക്കരണം നടത്തിയത്. എന്നാൽ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒപി യുടെ പ്രവർത്തനം നടന്നു.
അതേസമയം വാർഡുകളിൽ അധ്യാപക ഡോക്ടർമാരുടെ സേവനം ലഭിച്ചു. മെഡിക്കൽ കോളജുകളിൽ വിദ്യാർഥി അധ്യാപക അനുപാതവും രോഗി ബാഹുല്യത്തിന് ആനുപാതികമായ ഡോക്ടർമാരുടെ എണ്ണവും തമ്മിൽ വളരെ അന്തരം ഉണ്ടെന്ന് കെജിഎംസിടിഎ ചൂണ്ടിക്കാട്ടുന്നു.