ഗാര്‍ഹിക സാനിട്ടറി മാലിന്യ ശേഖരണവുമായി പാലാ നഗരസഭ
1601391
Monday, October 20, 2025 11:36 PM IST
പാലാ: ഉപയോഗിച്ച ട്യൂബുകള്‍, മെഡിസിന് സ്ട്രിപ്പുകള്‍, ഡ്രസിംഗ് കോട്ടണ്‍, കാലഹരണപ്പെട്ട മരുന്നുകള്‍, ഗ്ലൗസുകള്‍,ഡയപ്പറുകള്‍, സാനിട്ടറി പാഡുകള്‍, യൂറിന്‍ ബാഗുകള്‍, മാസ്ക്കുകള്‍ തുടങ്ങിയ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ പാലാ നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടതില്ല.
ഇതിനായി സുസ്ഥിര മാലിന്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ആപ്പുമായി പാലാ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം കൈകോര്‍ക്കുന്നു. ശുചിത്വമിഷന് അംഗീകൃത ഗാര്‍ഹിക സാനിട്ടറി മാലിന്യ ശേഖരണം നടത്തുന്ന സ്ഥാപനമാണ് ആക്രി (ആക്രി ഇംപാക്ട് പ്രെവറ്റ് ലിമിറ്റഡ്) അടുത്തയാഴ്ച മുതല്‍ പാലാ നഗരസഭ പ്രദേശത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, സീനിയര്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനീഷ് സി.ജി. എന്നിവര്‍ അറിയിച്ചു.
പാലാ നഗരസഭ പ്രദേശത്തെ കിടപ്പുരോഗികള്‍ക്കും, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും. മാലിന്യ ശേഖരണത്തിന് ഏജന്‍സി വ്യതസ്ത നിറങ്ങളിലുള്ള ബാഗുകള്‍ ഉപഭോക്താവിന് നല്‍കും. മാലിന്യശേഖരണത്തിന് തൂക്കത്തിന് അനുസരിച്ചുള്ള നിരക്ക് ഉപഭോക്താവ് ഏജന്‍സിക്ക് കൈമാറേണ്ടതുണ്ട് (കിലോഗ്രാമിന് 45 രൂപ + 5 ശതമാനം ജി എസ് ടി).
പാലാ നഗരസഭയിലെ ഡയപ്പര്‍ മാലിന്യശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് 24 ന് നഗരസഭ ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിക്കും.
നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് ആക്രിയുടെ ആപ്പിലൂടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാം.കൂടാതെ ടോള്‍ ഫ്രീ നമ്പരായ 08031405048 ലോ വാട്ട്സ് ആപ്പ് നമ്പരായ 7591911110 നമ്പരിലോ ബന്ധപ്പെട്ടാല്‍ ഏജന്‍സി വീടുകളിലെത്തി ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് മലിനീകരണ സാധ്യതയില്ലാതെ ശാസ്ത്രീയമായി സംസ്കരിക്കും.
ബയോ മെഡിക്കല്‍ മാലിന്യങ്ങളടക്കം സംസ്കരിക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് മൂലം ഡയപ്പര്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളപ്പെടുന്ന സാഹചര്യം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും മലിനീകരണത്തിനും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ട്. ഇതു പരിഹരിക്കുവാനാണ് പുതിയ ക്രമീകരണം.