സഭയുടെ പാരമ്പര്യം പുതുതലമുറയിലേക്കു പകരണം: മാര്‍ തോമസ് തറയില്‍
1601474
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭാംഗങ്ങള്‍ സ്വത്തബോധമുള്ളവരും പൂര്‍വികര്‍ പകര്‍ന്നുതന്ന വിശ്വാസതീക്ഷ്ണതയിലും പാരമ്പര്യങ്ങളും അഭിമാനം കൊള്ളുന്നവരുമാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സീറോമലബാര്‍ സമുദായിക ശക്തീകരണ വര്‍ഷത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ടീച്ചിംഗ് ടീം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. പുതുതലമുറയ്ക്ക് സഭയുടെയും സമുദായത്തിന്റെയും ചരിത്രവും പാരന്പര്യങ്ങളും പകര്‍ന്നുനല്‍കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, താമരശേരി രൂപതാ എയ്ഡര്‍ എഡ്യുകെയര്‍ ഡയറക്ടര്‍ ഫാ. മെല്ബിന് വെള്ളയ്ക്കാക്കുടി, കാര്‍പ് പ്രമോട്ടര്‍ ബേബി വട്ടക്കര, റിട്ടയേർഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആന്റണി ആറില്‍ച്ചിറ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സമുദായ ശക്തീകരണ അതിരൂപത കമ്മിറ്റി ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കരിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു നടയ്ക്കല്‍, കണ്‍വീനര്‍ ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.