ചങ്ങനാശേരിയിലും പരിസരഗ്രാമങ്ങളിലും കഞ്ചാവ്, രാസലഹരി വിതരണ സംഘങ്ങള്‍
1438369
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലും പരിസര ഗ്രാമങ്ങളിലും കഞ്ചാവ്, ലഹരി വിതരണ സംഘങ്ങള്‍ പിടിമുറുക്കുന്നതായി സൂചന. ലഹരി മാഫിയകള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും വലവീശുന്നു. ഇതരസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, ട്രെയിനുകള്‍, ആഡംബര കാറുകള്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. കുട്ടികളുടെ കളിസ്ഥലങ്ങളും ടര്‍ഫുകളും കേന്ദ്രീകരിച്ചും ഇക്കൂട്ടര്‍ രാസലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതായി സൂചനകളുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് കവാടത്തില്‍വച്ച് പെരുന്ന സ്വദേശി ഷാരോണ്‍ നജീബ് എന്നയാളെ എക്സൈസ് സംഘം പതിയിരുന്ന് ആസൂത്രിതമായി പിടികൂടിയതോടെയാണ് വലിയ ലഹരി വിതരണ സംഘത്തിന്റെ ചുരുളഴിഞ്ഞത്. 12.50കിലോ കഞ്ചാവാണ് ഇയാളുടെ കയ്യില്‍നിന്നു പിടികൂടിയത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്കും സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്നും എക്സൈസ് സംഘത്തിനു മനസിലായിട്ടുണ്ട്. ഇയാള്‍ക്കു മറ്റ് ലഹരിമാഫിയാകളുമായി ബന്ധമുള്ളതായും അന്വേഷണ സംഘം പറയുന്നു.