കോവിഡ് കാലത്ത് നിർത്തിയ റൂട്ടിൽ ആശ്വാസമായി ആനവണ്ടി
1444899
Wednesday, August 14, 2024 11:17 PM IST
എരുമേലി: കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് ചുങ്കപ്പാറ - വായ്പൂര് - എരുമേലി വഴിയുണ്ടായിരുന്ന സ്വകാര്യ ബസ് സർവീസ് കോവിഡ് കാലത്ത് നിലച്ച ശേഷം സർവീസ് ആരംഭിച്ചിരുന്നില്ല. ഈ റൂട്ടിൽ കഴിഞ്ഞദിവസം മുതൽ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. എരുമേലിയിലെ ആദ്യകാല സ്വകാര്യ ബസ് സർവീസുകളിൽ ഒന്നായിരുന്നു ചുങ്കപ്പാറ - വായ്പൂര് - എരുമേലി റൂട്ട്. ചെറുവള്ളി എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന നിലയിലാണ് ഈ റൂട്ടിൽ പതിറ്റാണ്ടുകളായി ചമ്പക്കര എന്ന സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്. ഇതേ റൂട്ടിൽ സെന്റ് മാർട്ടിൻ എന്ന സ്വകാര്യ ബസും എരുമേലി വഴി ഓടിയിരുന്നു.
കോവിഡ് കാലത്താണ് ഈ റൂട്ടിൽ ആദ്യമായി സർവീസ് നിർത്തിവയ്ക്കപ്പെട്ടത്. ഇതോടെ പ്ലാച്ചേരി, പൊന്തൻപുഴ എന്നിവിടങ്ങളിൽ എത്തി മറ്റ് സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് എരുമേലിയിലെ യാത്രക്കാർ ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പ്പൂര്, മല്ലപ്പള്ളി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്നത്.
കെഎസ്ആർടിസി സർവീസ് ആരംഭിച്ചതോടെ യാത്രാക്ലേശത്തിന് ആശ്വാസം പകർന്നിരിക്കുകയാണ്. രാവിലെ എരുമേലിയിൽ നിന്നും പത്തിന് സർവീസ് ആരംഭിക്കും. പൊന്തൻപുഴ, ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പ്പൂര്, മല്ലപ്പള്ളി, പായിപ്പാട്, തിരുവല്ല, എടത്വാ, വിയാപുരം വഴി ഹരിപ്പാട് ഉച്ചയോടെ എത്തി തിരികെ വൈകുന്നേരം അഞ്ചിന് എരുമേലിയിൽ വന്ന് മല്ലപ്പള്ളിയിൽ അവസാനിക്കും.