ഓണത്തെ വരവേൽക്കാൻ പൂക്കളുടെ വസന്തമൊരുക്കി ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂൾ
1450881
Thursday, September 5, 2024 11:40 PM IST
മുണ്ടക്കയം: പൂത്തുമ്പിയും പൂവിളിയും അത്തപ്പൂക്കളവുമെല്ലാമായി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ ഒരു നാടിനാകെ പൂക്കളുടെ വസന്തം ഒരുക്കിയിരിക്കുകയാണ് ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും.
മണ്ണിനോടും പൂക്കളോടും പ്രകൃതിയോടുമുള്ള സ്നേഹം ചെറുപ്രായത്തിൽ കുട്ടികളിലേക്ക് ആവേശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനേജർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്റെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇഞ്ചിയാനി ഹോളി ഫാമിലി യുപി, ഹൈസ്കൂൾ പരിസരം കൂടാതെ നീലം പാറയിലുമടക്കം മൂന്നേക്കറോളം സ്ഥലത്താണ് പച്ചക്കറിയും പൂച്ചെടികളും വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഹൈസ്കൂൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്തായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിൽ വിളവെടുപ്പിന് പാകമായി ബന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച നയന മനോഹരമാണ്.
ഇതിന് ചുറ്റുമായി കുട്ടികൾക്ക് വ്യായാമത്തിനുള്ള ട്രാക്കും നിർമിച്ചിട്ടുണ്ട്. ബന്തി, മുല്ല, ചെത്തി, ചെമ്പരത്തി, വാടാമല്ലി, കൊങ്ങിണി, റോസ് തുടങ്ങി 15ൽ അധികം ഇനം ചെടികളാണ് ഇവിടെ നട്ടു പരിപാലിക്കുന്നത്. ഇതിനായി യുപി സ്കൂളിലും ഹൈസ്കൂളിലും പ്രത്യേക കാർഷിക ക്ലബ് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ അധ്യാപകരും ഹോളി ഫാമിലി ഇടവക കമ്മിറ്റി ഭാരവാഹികളുമെല്ലാം പിന്തുണയുമായി കുട്ടികൾക്കൊപ്പമുണ്ട്. പൂന്തോട്ടത്തിൽ ചിത്രശലഭങ്ങൾക്ക് കൂടൊരുക്കുന്നതിനും വളരുന്നതിനുമായി പ്രത്യേക സാഹചര്യം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
പൂച്ചെടികൾ കൂടാതെ എല്ലായിനം പച്ചക്കറികളും കുട്ടികളുടെ നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം ഒരുക്കുന്നതിനും ബാക്കിയുള്ളവ വിദ്യാർഥികൾളും അധ്യാപകർക്കും സമീപവാസികൾക്കും നൽകുകയാണ് ചെയ്യുന്നത്. കൂട്ടിക്കൽ അഗ്രോ സർവീസ് സെന്ററാണ് കൃഷിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഇവർക്ക് നൽകുന്നത്.