പച്ചക്കറികൃഷിയിൽ നൂറുമേനിയുമായി മഞ്ഞാമറ്റം സെന്റ് ആന്റണീസ് സ്കൂൾ
1453117
Friday, September 13, 2024 11:50 PM IST
അകലക്കുന്നം: ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ് നേടി മഞ്ഞാമറ്റം സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍. ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ അധ്യാപകന് സജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സഹഅധ്യാപകരായ ജോയല്‍ ബിജു, സിയാ ഷാജി എന്നിവരാണു പച്ചക്കറികൃഷിക്കു മേല്‍നോട്ടം വഹിക്കുന്നത്.
സ്കൂളിനോടു ചേര്‍ന്നുള്ള കുറച്ചു സ്ഥലത്താണ് ആദ്യം കൃഷി തുടങ്ങിയത്. എഫ്സി കോണ്‍വെന്റിലെ മദര്‍ സെലില്‍ കൂടുതല്‍ സ്ഥലം വിട്ടുകൊടുത്തതോടെയാണ് ഉച്ചഭക്ഷണത്തിന് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും കൃഷി ചെയ്യാന്‍ തുടങ്ങിയത്.
വെള്ളരി, പാവൽ, കാബേജ്, തക്കാളി, പച്ചമുളക്, ചേന, കാച്ചിൽ, ചീര, പയർ, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നു. കൂടാതെ അന്യംനിന്നുപോയ നനകിഴങ്ങ്, തണ്ടും ഇലയും കറിവയ്ക്കാവുന്ന ചേമ്പ്, ശീമചേമ്പ്, കുഴിനിറയന്‍ ചേമ്പ്, നനചേമ്പ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളാണ് ഓരോ ദിവസവും പഠനത്തോടൊപ്പം കാര്‍ഷികജോലികളും ചെയ്യുന്നത്. പ്രത്യേക കന്പോസ്റ്റ് വളവും സ്ലെറിയുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ജൈവ കീടനാശിനിയായി കാന്താരിമുളക് ഗോമൂത്ര കഷായം, മഞ്ഞപ്പൊടി തുടങ്ങിയവ ഉപയോഗിക്കുന്നു. ഇപ്രാവശ്യത്തെ സ്കൂളിലെ ഓണസദ്യയും വിഷരഹിത പച്ചക്കറികള്‍ കൊണ്ടായിരുന്നു.
ഓണ വിളവെടുപ്പ് അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം നിര്‍വഹിച്ചു. വാര്‍ഡംഗം ജാന്‍സി ബാബു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം സുരക്ഷിതം എല്‍ആര്‍പി ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പങ്കെടുത്തു.