കുമരകം മത്സരവള്ളംകളി ശ്രീനാരായണ ട്രോഫി മൂന്നുതൈയ്ക്കന്
1453828
Tuesday, September 17, 2024 5:47 AM IST
കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് കോട്ടത്തോട്ടിൽ നടത്തിയ 121 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയിൽ കുമരകം ഫ്രീഡം ബോട്ട് ക്ലബിന്റെ മൂന്നു തൈയ്ക്കൻ ശ്രീനാരായണ എവറോളിംഗ് ട്രാേഫിയിൽ മുത്തമിട്ടു.
സ്റ്റാർട്ടിംഗ് മുതൽ ഫിനിഷിംഗ് വരെ ആവേശം അലതല്ലിയ ഫെെനൽ മത്സരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബിന്റെ പി.ജി. കർണനെ ഒരു തുഴപ്പാടിന് പിന്തള്ളിയാണ് കെ.പി. ബാലാജിയുടെ നേതൃത്വത്തിൽ മത്സരിച്ച മൂന്നുതെെക്കൻ വിജയ കിരീടം ചൂടിയത്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയെ പരാജയപ്പെടുത്തി മൂന്നു തൈയ്ക്കൻ ഫെെനലിൽ പ്രവേശിച്ചപ്പാേൾ സമുദ്ര ബോട്ട് ക്ലബ്ബിന്റെ പടക്കുതിരയെ പരാജയപ്പെടുത്തിയാണ് പി.ജി. കർണൻ ഫെെനൽ യാേഗ്യത നേടിയത്. ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കെടിബിസിയുടെ തുരുത്തിത്തറ പടക്കുതിരയെ പരാജയപ്പെടുത്തി.
ചിരവെെരികളായ നെെനാടനും വേലങ്ങാടനും തമ്മിലായിരുന്നു ഒന്നാംതരം ചുരുളൻ വള്ളങ്ങളുടെ ഫെെനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ടിയുകെബിസി ചെങ്ങളത്തിന്റെ കൈക്കരുത്തിൽ നൈനാടൻ (കാേടിമത) കുമ്മനം യുവദർശന ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടനെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കി.
രണ്ടാംതരം ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ കോട്ടപ്പറമ്പൻ നമ്പർ രണ്ടിനെ പരാജയപ്പെടുത്തി കണ്ണാടിച്ചാൽ കെയുബിസിയുടെ ഡായി നമ്പർ രണ്ട് ജേതാക്കളായി. രണ്ടാം തരം ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും കോട്ടത്താേടിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാക്കി. ടിബിസി തിരുവാർപ്പിന്റെ ശരവണനും കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ സെന്റ് ജാേസഫും തമ്മിലായിരുന്നു അന്തിമ പാേരാട്ടം. ശരവണനായിരുന്നു വിജയം.
രണ്ടാംതരം വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ കുമ്മനം അറുപറ ബാേട്ടുക്ലബ്ബിന്റെ ഒറ്റത്തെെക്കനെ പരാജയപ്പെടുത്തി ഇല്ലിക്കൽ ടീം ഐബിസിയുടെ ഏബ്രഹാം മൂന്നുതെെക്കൻ വിജയിയായി. വെപ്പുവള്ളങ്ങളുടെ പ്രദർശന മത്സരത്തിൽ ഡിസിബിസി അയ്മനത്തിന്റെ നവജ്യാേതി വിജയിച്ചു. മൂന്നാം തരം ചുരുളൻ വിഭാഗത്തിൽ തൊള്ളായിരം ബാോട്ട് ക്ലബ്ബിന്റെ പടയാളിയാണ് പടവെട്ടി നേടിയത്. 16 മത്സരങ്ങളിലായി 20 കളിവള്ളങ്ങൾ പങ്കെടുത്ത കുമരകം മത്സര വള്ളംകളി തിരുവാേണ ആഘാേഷമാക്കാൻ കുമരകത്തുനിന്നും സമീപപഞ്ചായത്തുകളിൽനിന്നും ധാരാളം വള്ളംകളി പ്രേമികൾ എത്തിയിരുന്നു.
ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽനിന്നും ഘോഷയാത്രയായി കളിവള്ളങ്ങൾ കോട്ടത്തോടിന്റെ ഫിനീഷിംഗ് പോയന്റിൽ എത്തിയപ്പോൾ മന്ത്രി വി.എൻ. വാസവൻ ജലമേള ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എംപി, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, എസ്കെഎം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, ഫാ. സിറിയക് വലിയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മാനദാനം നടത്തി.