കോതനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം
1458382
Wednesday, October 2, 2024 7:08 AM IST
കടുത്തുരുത്തി: കോതനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചിയും ഓഫീസ് മുറിയും കുത്തിത്തുറന്ന് മോഷണം. കൗണ്ടറിലുണ്ടായിരുന്നതും കാണിക്കവഞ്ചിയില്‍ നിന്നെടുത്തതുമുള്പ്പെടെ അയ്യായിരം രൂപയും ക്ഷേത്രത്തിലെ മൊബൈല്‍ ഫോണും മോഷ്ടാവ് കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് മോഷണം നടന്നിരിക്കുന്നത്.
മോഷ്ടാവ് അകത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ ഓഫീസ് മുറിക്കുള്ളിലുള്ള കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓഫീസ് മുറിയുടെ വെളിയിലുള്ള കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് കൗണ്ടറിന്റെ അകത്തുള്ള ഷട്ടറിന്റെ പൂട്ടും തകര്‍ത്താണ് ഓഫീസ് മുറിയില്‍ കയറിയത്.
ഒറ്റമുണ്ട് മാത്രം ധരിച്ച് ഷര്‍ട്ട് ധരിക്കാത്ത നാല്പത് വയസോളം പ്രായം തോന്നിക്കുന്ന ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും പണം കവര്‍ന്നു. മോഷ്ടാവ് ആനക്കൊട്ടിലിന് മുന്നിലുള്ള കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും കമ്പിക്കഷണങ്ങളുമെല്ലാം ഇവിടെ കിടപ്പുണ്ട്. മോഷണം പോയ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ ഇന്നലെ തൃശൂരിലാണ് കാണിച്ചത്.
ഇന്നലെ രാവിലെ 4.30-ന് മേല്‍ശാന്തി സനല്‍കുമാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെത്തി കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോതനല്ലൂര്‍ 776-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന് കീഴിലുള്ളതാണ് ക്ഷേത്രം. സംഭവം സംബന്ധിച്ച് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എസ്. നവകുമാരന്‍ നായര്‍ പോലീസില്‍ പരാതി നല്കി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തില്‍നിന്ന് മണം പിടിച്ചോടിയ പോലീസ് നായ ക്ഷേത്രത്തിനു പിന്നിലുള്ള റെയില്‍വേ ലൈനിലൂടെ കോതനല്ലൂര്‍ റെയില്‍വേ ഗേറ്റ് വരെയെത്തിയശേഷം മടങ്ങി. അവിടെനിന്നു മോഷ്ടാവ് വാഹനത്തില്‍ കയറി രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്.