അഞ്ചുമനപാലം പൂർത്തിയായിട്ട് മാസങ്ങൾ : അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കാതെ അധികൃതർ
1459320
Sunday, October 6, 2024 6:16 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡിലെ വെച്ചൂർ പോലിസ് ഔട്ട് പോസ്റ്റിനു സമീപത്തെ അഞ്ചുമന പാലം നിർമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സമീപന റോഡിന്റെ നിർമാണം പൂർത്തിയാക്കാതെ അധികൃതർ നാടകം കളിച്ച് ജനകളെ വിഡ്ഢികളാക്കുകയാണെന്ന് പ്രദേശവാസികൾ.
പാലം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാനോ പാലത്തിന്റെ മീതെ കോൺക്രീറ്റും നടത്തി ടാറിംഗ് നടത്തി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സമീപ റോഡിൽ മെറ്റൽ വിരിച്ചിട്ടിട്ട് തന്നെ മാസങ്ങളായി. ഇതുമൂലം പൊടി ശല്യവും ഇവിടെ രൂക്ഷമായി.
അഞ്ചുമനതോടിനു കുറുകെ തീർത്ത താൽക്കാലിക റോഡിലൂടെയാണിപ്പോഴും വാഹനങ്ങൾ പോകുന്നത്. കാർഷിക മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന തോടിനു കുറുകെയാണ് താൽക്കാലിക റോഡ് നിർമ്മിച്ചിരിക്കുന്നത്.
പാലത്തിന്റെ മീതെ കോൺക്രീറ്റുചെയ്ത് ടാറിംഗ് നടത്തുന്ന ജോലികളും അപ്രോച്ച് റോഡിന്റെ ടാറിംഗും പെയിന്റിഗുമാണ് ഇനി ശേഷിക്കുന്നത്. പാലത്തിന്റെ മീതെ കോൺക്രീറ്റു നടത്തിയാൽ അത് ഉറയ്ക്കാൻ 20 ദിവസം പിന്നിടണം. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് യാതൊരു നീക്കവും അധികൃതർ നടത്താത്തതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇനിയും വൈകും.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാണ് വൈക്കം വെച്ചൂർ നിവാസികളുടെ ആവശ്യം.