കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
1460088
Wednesday, October 9, 2024 11:44 PM IST
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. പുതിയ കെട്ടിടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, വിശ്രമസ്ഥലം, എസ്കലേറ്റര്‍ എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. ഇനി ലിഫ്റ്റ് സ്ഥാപിക്കാനുണ്ട്.
മേല്‍ക്കൂരയുടെ പണികളും ബാക്കിയാണ്. ശബരിമല സീസണ് തുടങ്ങുന്നതിനു മുമ്പ് രണ്ടാം കവാടം തുറന്നു കൊടുക്കാനാകുമെന്നാണു പ്രതീക്ഷയാണ് അധികൃതര്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
നാല് ടിക്കറ്റ് കൗണ്ടറുകളുണ്ടാകും. രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും ഒരുക്കുന്നുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ ജനറല്‍ യാത്രക്കാര്‍ക്കുള്ള വിശ്രമഹാളും ഒന്നാംനിലയില്‍ എസി വിശ്രമഹാളുമുണ്ട്. ഇവിടെ 500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്.
എന്ജിന് ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികളും ഒരുക്കുന്നുണ്ട്. മുകള്‍നിലയില്‍നിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം നേരത്തേ പൂര്‍ത്തിയായിരുന്നു. എസ്കലേറ്റര്‍ വഴിയും ലിഫ്റ്റ് വഴിയും ഫുട് ഓവര്‍ ബ്രിഡ്ജിലേക്ക് കടക്കാന്‍ കഴിയുന്ന വിധത്തിലാണു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം കവാടത്തിന്റെ നാഗമ്പടം ഭാഗത്തേക്കും റബര്‍ ബോര്‍ഡ് ഭാഗത്തേക്കുമുള്ള രണ്ട് സ്ഥലത്തും വാഹനപാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇരുവശത്തും പോര്‍ച്ച് നിര്‍മിക്കും. കിഴക്കുഭാഗത്ത് 15 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ നീളവുമുള്ള പോര്‍ച്ച് നിര്‍മിക്കും. പടിഞ്ഞാറുവശത്ത് 10 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള പോര്ച്ചാണു തയാറാക്കുന്നത്. 300 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.
രണ്ടാം കവാടത്തിലേക്കുള്ള വഴിയുടെ കാര്യത്തില്‍ ഇനിയും റെയില്‍വേ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ നിരവധി വീട്ടുകാര്‍ ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇത് അനുവദിക്കില്ലെന്നായിരുന്നു റെയില്‍വേയുടെ തീരുമാനം. ഇതിനെതിരേയുള്ള കേസുകളിലും തീരുമാനമായിട്ടില്ല.
എംസി റോഡില്‍ നാഗമ്പടത്തുനിന്ന് രണ്ടാം കവാടത്തിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനു വീതിയില്ലാത്തതും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാം കവാടത്തിന്റെ സൗന്ദര്യവത്കരണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.