ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കും
1460090
Wednesday, October 9, 2024 11:44 PM IST
കോട്ടയം: ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചോറ്റാനിക്കര (കുരീക്കാട്) സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. മൂന്ന് സ്റ്റേഷനുകളിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുന്നതിനായി മൂന്ന് കോടി 86 ലക്ഷം രൂപയാണ് അവദിച്ചിരിക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബറിനു മുമ്പായി നിര്‍മാണം ആരംഭിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. രണ്ടു വര്‍ഷമാണ് നിര്‍മാണ കാലാവധി. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ ഉയരം കുറഞ്ഞ ഭാഗങ്ങളാണ് ഉയര്‍ത്തുന്നത്. അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭാഗങ്ങള്‍ ഉയര്‍ത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കടുത്തുരുത്തി സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകള്‍ ഉയരം കുറഞ്ഞ അവസ്ഥയിലായിട്ട് അനേക വര്‍ഷങ്ങളായി. ഉയരം കൂട്ടണമെന്നുള്ള ആവശ്യം ഉന്നയിച്ചു കേന്ദ്ര റെയില്‍വേ മന്ത്രി അടക്കമുള്ള റെയില്‍വേ അധികാരികള്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എ നിവേദനം നല്‍കിയിരുന്നു. പ്ലാറ്റ്ഫോം താഴ്ന്നുകിടക്കുന്നതുമൂലം യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനും ഇറങ്ങാനും പ്രയാസമായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനോടൊപ്പം മഴയും വെയിലും ഏല്ക്കാതെ യാത്രക്കാര്‍ക്ക് നില്‍ക്കാനുള്ള ഷെല്‍ട്ടര്‍ നിര്‍മിക്കുന്ന കാര്യം റെയില്‍വേ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
കുരീക്കാട് എന്നറിയപ്പെട്ടിരുന്ന ചോറ്റാനിക്കര റോഡ് റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരമാണു വര്‍ധിപ്പിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് അനൂപ് ജേക്കബ് എംഎല്‍എ റെയില്‍വേ മന്ത്രാലത്തില്‍ നിവേദനം നല്‍കിയിരുന്നു. ഉയരം കൂട്ടുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടിനു പരിഹാരമാകും. വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകള്‍ നിരന്തരമായി ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസം ടെൻഡര്‍ ചെയ്ത കുമാരനല്ലൂര്‍, മുളന്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ഉയരം കൂട്ടുവാനുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
അനുവാദം ലഭിച്ചതും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതുമായ ആറു സ്റ്റേഷനുകളുടെയും പ്രവൃത്തി എത്രയും വേഗംപൂര്ത്തിയാക്കാന് ശ്രമിക്കുമെന്നും റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ ജനസദസിലെ മുഖ്യആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരം ആയിരിക്കുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.