വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടിയില്ല
1461316
Tuesday, October 15, 2024 7:28 AM IST
ഞീഴൂര്‍: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍ നടപടിയില്ല. പ്രതിഷേധം ശക്തം. ഞീഴൂര്‍ - അറുനൂറ്റിമംഗലം - കീഴൂര്‍ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്ര പോലും കഴിയാതെ കിടക്കുന്നത്.
അഞ്ച് വര്‍ഷത്തിലേറേയായി റോഡിന്റെ അവസ്ഥ ഇതുതന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ആലപ്പുഴ - മധുര സംസ്ഥാന പാതയിലേക്ക് എംസി റോഡിലെ കുറവിലങ്ങാട് നിന്നും സഞ്ചരിക്കാവുന്ന എളുപ്പ വഴിയാണിത്. അറുനൂറ്റിമംഗലം മുതല്‍ കീഴൂര്‍ വരെയുള്ള റോഡിലൂടെ കടുത്തുരുത്തിയിലേക്ക് പൈപ്പ് ലൈന്‍ ഇടാന്‍ വേണ്ടി കുത്തിപ്പൊളിച്ചിട്ടതു മൂലം കാല്‍നട പോലും കഴിയാതായി. പൈപ്പ് ലൈന്‍ ഇട്ടിട്ട് മാസങ്ങളായിട്ടും റോഡ് ടാര്‍ ചെയ്യാന്‍ നടപടിയായില്ല.
അടുത്തിടെ കാളകളുമായെത്തി നാട്ടുകാര്‍ റോഡിലെ കുഴിയിലെ വെള്ളക്കെട്ടില്‍ കാളകളെ കുളിപ്പിച്ചു പ്രതിഷേധിച്ചിരുന്നു.
റോഡില്‍ ടാറിംഗ് ഇളകാത്ത ഒരു സ്ഥലം പോലും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. കീഴൂര്‍ ഭാഗത്ത് നിന്ന് അറുനൂറ്റിമംഗലത്തേക്ക് സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് മുഴയുംമൂട് വഴിയാണ്. അറുനൂറ്റിമംഗലത്ത് നിന്ന് ഞീഴൂര്ക്കുള്ള വഴിയില്‍ പോട്ടിക്കവല, ഇന്ദിര ജംഗ്ഷന്, പാറശേരി, ജൂബിലി ജംഗ്ഷന് എന്നിവിടങ്ങളിലെ അവസ്ഥയും പരിതാപകരമാണ്. ദിവസവും സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. നിരവധി തവണ ജനപ്രതിനിധികളെയും അധികൃതരെയും സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.