തോപ്രാംകുടിയിൽ വീണ്ടും വന്യമൃഗ അക്രമണം
1283200
Saturday, April 1, 2023 10:42 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയിൽ വീണ്ടും വന്യമൃഗ അക്രമണം. തോപ്രാംകുടി കുന്നുംമ്യാലിൽ ഷൈജു ജോസിന്റെ ആടിനെ അജ്ഞാതജീവി കൊന്നുതിന്നു.
കഴിഞ്ഞ രാത്രി രണ്ടോടെയാണ് ആക്രമണമുണ്ടായത്. ആട് കരയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ ആടിനെ വലിച്ചുകൊണ്ടു പോകുന്നതു കണ്ടതായി ഷൈജു പറഞ്ഞു. സമീപവാസിയുടെ പുരയിടത്തിലാണ് പാതി ഭക്ഷിച്ച ആടിന്റെ ജഡം കണ്ടത്.
കഴിഞ്ഞ മാസം രണ്ടാം വാരമാണ് വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളിൽ വന്യമ്യഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ആളുകൾ പുലിയെ കണ്ടതായും പറഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണകാമറ സ്ഥാപിച്ചിരുന്നെങ്കിലും വന്യജീവികളെ കണ്ടെത്താനായില്ല.
പഞ്ചായത്തിൽ വിവിധ മേഖലകളിൽ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടതോടെ പ്രദേശത്ത് സമരസമിതി രൂപികരിച്ചു പ്രതിഷേധം ശക്തമാക്കിയതോടെ വനംവകുപ്പ് മേഖലയിൽ കൂട് സ്ഥാപിച്ചെങ്കിലും വന്യമ്യഗത്തെ പിടികൂടാനായില്ല. ഇതിനിടെയാണ് വീണ്ടും അജ്ഞാതജീവി ആടിനെ കൊന്നുതിന്നത്.
സംഭവത്തെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.