നികുതി കൂട്ടി സർക്കാരുകളുടെ തേർവാഴ്ച: മാർ പാംപ്ലാനി
1298062
Sunday, May 28, 2023 10:48 PM IST
കട്ടപ്പന: വന്യമൃഗശല്യത്താൽ കർഷകർക്കു ജീവിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി വർധനയിലൂടെ ജനങ്ങളുടെമേൽ തേർവാഴ്ച നടത്തുകയാണെന്നു തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. വെള്ളയാംകുടിയിൽ ഇടുക്കി മതാധ്യാപക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയും മലബാറും സമാന സ്വഭാവമുള്ള പ്രദേശങ്ങളാണ്. രണ്ടിടത്തുമുള്ള സാമൂഹിക പ്രശ്നങ്ങളും ഒന്നുതന്നെയാണ്. കാട്ടുകോഴിക്കുള്ള സംരക്ഷണവും പരിഗണനയും പോലും മലയോര മേഖലയിലെ ജനങ്ങൾക്കില്ല. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരോടാണ് മാധ്യമങ്ങൾക്കു താത്പര്യം.
കുഷ്ഠരോഗികളെയും എയ്ഡ്സ് രോഗികളെയുമെല്ലാം സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരുടെ മഹത്വം പുറംലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾ പോലും തയാറല്ല.
22 മലയാളം സിനിമകളിലാണ് വിശുദ്ധ കുന്പസാരത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലാം ബോധപൂർവം സഭയെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ സഭയെ തളർത്താനാവില്ലെന്നു മുൻകാല അനുഭവങ്ങൾ പഠിക്കുന്നവർക്കു വ്യക്തമാകുമെന്നും മാർ പാംപ്ലാനി പറഞ്ഞു.
തുടർന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സമാപന സമ്മേളനത്തിൽ മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
ക്രിസ്തുജ്യോതി വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ വിശ്വാസ പരിശീലന മാർഗരേഖയുടെ പ്രകാശനം രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ നിർവഹിച്ചു.
ആറു വർഷം നീണ്ടുനിൽക്കുന്ന യെസ് (yes) പരിശീലനം പൂർത്തിയാക്കിയ കുട്ടികളെ മോണ്‍. ഏബ്രഹാം പുറയാറ്റും മികച്ച വിശ്വാസ പരിശീലനം നൽകിയ ഇടവകകളെ മോണ്‍. ജോസ് കരിവേലിക്കലും ആദരിച്ചു.
വെളളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. തോമസ് മണിയാട്ട് ലോഗോസ് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടർ ഫാ.ഫിലിപ്പ് ഐക്കര, അസി. ഡയറക്ടർ ഫാ.ജേക്കബ് മങ്ങാടംപള്ളിൽ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ മെർളി എഫ്സിസി, സിസ്റ്റർ നമിത സിഎംസി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.