പ്രചാരണം കൊഴുപ്പിച്ചും വിലയിരുത്തിയും സ്ഥാനാർഥികൾ
1415686
Thursday, April 11, 2024 3:33 AM IST
പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഡീൻ
ഇടുക്കി: റംസാൻ പ്രമാണിച്ചു ഇന്നലെ പര്യടനത്തിന് അവധി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്.
നേതാക്കളെ നേരിട്ടു കണ്ടും ഫോണിൽ വിളിച്ചുമായിരുന്നു പ്രവർത്തനങ്ങൾ ചർച്ച ചെയ്തത്. പരമാവധി വ്യക്തികളെ ഫോണിൽ വിളിച്ചു വോട്ട് തേടുന്നതിനും സ്ഥാനാർഥി ഇന്നലെ സമയം കണ്ടെത്തി.
ഇന്നു പീരുമേട് മണ്ഡലത്തിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. രാവിലെ താഴത്തങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം മാട്ടുക്കട്ടയിൽ സമാപിക്കും.
ജോയ്സ് ജോർജ് ഇടമലക്കുടിയിൽ
മൂന്നാർ: എൽഡിഎഫ് സ്ഥാനാർഥി ഗോത്രവർഗ വിഭാഗത്തിന്റെ പിന്തുണ തേടി ഇടമലക്കുടിയിലെത്തി. രാവിലെ മൂന്നാറിൽ ടാറ്റാ ടീ ഫാക്ടറി തൊഴിലാളികളെക്കണ്ട് വോട്ട് അഭ്യർഥിച്ച ശേഷമാണ് ഇടമലക്കുടിയിലേക്ക് പുറപ്പെട്ടത്. പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സ്മൃതി മണ്ഡപത്തിൽ സ്മരണാഞ്ജലി അർപ്പിച്ച ശേഷം എടലിക്കുടിയിലെത്തി.
ഊരുമൂപ്പൻ മുതിരപ്പന്റെ നേതൃത്വത്തിൽ ഗോത്രജനത സ്നേഹവായ്പോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് ആണ്ടവൻകുടി, അന്പലപ്പടി, കണ്ടത്കുടി, സൊസൈറ്റികുടി എന്നീ കുടികളിൽ വോട്ട് അഭ്യർഥിച്ചു. എ.രാജ എംഎൽഎയും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. സ്ഥാനാർഥി ഇന്ന് മൂവാറ്റുപുഴ മണ്ഡലത്തിൽ പര്യടനം നടത്തും.
രാവിലെ പോത്താനിക്കാട് പഞ്ചായത്തിലെ പറന്പഞ്ചേരി പള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന പര്യടനം സിപിഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കല്ലൂർക്കാട്, പാലക്കുഴ, ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പര്യടനം നടത്തി അച്ചൻകവലയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഎം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.
സംഗീത വിശ്വനാഥൻ പീരുമേട്ടിൽ പര്യടനം നടത്തി
ഇടുക്കി: എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇന്നലെ പീരുമേട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ വാഗമണ്ണിൽ നിന്ന് ആരംഭിച്ച പര്യടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.കുമാർ ഉദ്ഘാടനം ചെയ്തു.
ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ, പെരുവന്താനം എന്നീ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.
ഏലപ്പാറയിലെയും ഉപ്പുതറയിലെയും തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകൾ സ്ഥാനാർഥി ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ ട്രൈബൽ മേഖലയിലാണ് ഇന്നലെ പര്യടനം അവസാനിച്ചത്.