കാട്ടാന കൃഷി നശിപ്പിച്ചു
1428983
Thursday, June 13, 2024 4:01 AM IST
കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാത്രിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാന ആറു കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു. പേഴുംകണ്ടം പുതിയ പാലം കുട്ടിമൂപ്പൻകവലയിലാണ് രാത്രിയിൽ കാട്ടാന നാശം വിതച്ചത്.
അഞ്ചുരുളിയിൽനിന്നുമാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കാഞ്ചിയാർ പഞ്ചായത്തും വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന വിവിധ മേഖലകളിൽ കഴിഞ്ഞ നാളുകളിൽ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ടെങ്കിലും പുതിയപാലം മേഖലയിൽ ആദ്യമായാണ് ഇത്രയധികം നാശനഷ്ടം ഉണ്ടാക്കുന്നത്.
ആന വാഴ, ഏലം, തെങ്ങ്, ജാതി തുടങ്ങിയ കൃഷി നശിപ്പിച്ചു. കോപ്പാറ മുഹമ്മദാലി , ചെമ്പനാനിക്കൽ ജയിംസ്, വടക്കൻപറമ്പിൽ മനോജ് , ചെമ്പൻകുളം സുകുമാരൻ , മൂഴിയിൽ പാപ്പച്ചൻ, തെരുവിക്കൽ ചാക്കോ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്.
30 വർഷങ്ങൾക്ക് മുൻപ് ജനവാസ മേഖലയും വനപ്രദേശവും അതിർത്തി പങ്കിടുന്നിടത്ത് ട്രെഞ്ച് നിർമിച്ചിരുന്നുവെങ്കിലും ഇവ നശിക്കുകയും ആഴം കുറയുകയും ചെയ്തു. ഇതോടെയാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുന്നത്.