വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം തടവ്
1438554
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിനതടവും 30,000 രൂപ പിഴയും. അടിമാലി ഇരുന്പുപാലം സ്വദേശി കൃഷ്ണൻ എന്നു വിളിക്കുന്ന പ്രതീഷിനെ(29)യാണ് തൊടുപുഴ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്.
2015 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിക്കുകയും ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്ത്രീ ഉറക്കെ ബഹളം വച്ചപ്പോൾ അടുത്ത മുറിയിൽ ഉറങ്ങിക്കി ടന്നിരുന്ന മകൾ എഴുന്നേറ്റുവന്നതോടെ ഇവരെ വെട്ടി പരിക്കേൽപ്പിച്ച് പ്രതി കടന്നുകളഞ്ഞു. തുടർന്ന് സംഭവം അറിഞ്ഞെത്തിയ അയൽവാസികൾ വീട്ടമ്മയെ ആശുപത്രിയിലെത്തി ച്ചു. അടിമാലി പോലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ്, പി.എസ്.രാജേഷ് എന്നിവർ ഹാജരായി.