തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കമായി
1580775
Saturday, August 2, 2025 5:16 PM IST
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്.
ലണ്ടൻ ഹെൽത്ത് സെന്റർ പ്രതിനിധി ഡോ. ജെയിംസ് എൽ. ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.
ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു.
കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.
ഡോ. ഒ.ടി. ജോർജ്, ഡോ. അനിൽ ജെ. തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ, ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. എ.ജെ. ജിജോ, ഡോ. ക്രിസ്റ്റോ ജോസ്, ഡോ. അലക്സ് ടി. ജോൺസൺ, ഡോ. ഇജാസ് സിദ്ദിഖ് എന്നിവർ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.
സമൂഹത്തിലെ എല്ലാവർക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുൻപ് ഡോ. കെ.ജി. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയൽ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മുൻനിരക്കാരാണ്.