ആദിവാസി കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
1581053
Sunday, August 3, 2025 11:44 PM IST
ഇടുക്കി: വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കിഴുകാനം സെക്ഷന്റെ പരിധിയിൽ വരുന്ന കൊല്ലത്തിക്കാവ്, കത്തിതേപ്പൻ, മേമാരി ഉന്നതികളിലെ വിവിധ കുടുംബങ്ങൾക്ക് ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതി പ്രകാരം വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളിൽ വളർത്തിയ ഗുണമേന്മയേറിയ 600ഓളം മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
ഇതോടൊപ്പം കിഴുകാനും സെക്ഷന്റെ പരിധിയിൽ വരുന്ന വിവിധ അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാത്രങ്ങൾ, ബെഡ്ഷീറ്റ് , പുതപ്പ്, ഗ്യാസ് സ്റ്റൗ എന്നിവയും വിതരണം ചെയ്തു. കിഴുകാനം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഉപ്പുതറ പഞ്ചായത്ത് മെംബർ ഷീബ സത്യനാഥ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുജീഷ് കുമാർ, ഊരു മൂപ്പൻമാരായ മദനമോഹൻ, രാമൻ എന്നിവർ പ്രസംഗിച്ചു.