വായ് പിളർന്ന് ചാത്തൻപാറ കൊക്ക; ഒടുവിൽ ക്രാഷ് ബാരിയർ എത്തുന്നു
1581322
Monday, August 4, 2025 11:24 PM IST
മൂലമറ്റം: അപകടം പതിവായ കാഞ്ഞാർപുത്തേട് വാഗമണ് റോഡിൽ കുന്പംകാനം ചാത്തൻപാറ വ്യൂ പോയിന്റിൽ ഒടുവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടി. പ്രതിഷേധം ശക്തമായതോടെയാണ് ഇന്നലെ വൈകുന്നേരത്തോടെ ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള പണി തുടങ്ങിയത്.
ഇതിനിടെ, അപകടങ്ങൾക്കുള്ള സാധ്യത മുന്നിൽ കണ്ട് അഗ്നിരക്ഷ സേനാംഗങ്ങൾ രംഗത്തിറങ്ങി. ചാത്തൻപാറയിൽ രക്ഷാപ്രവർത്തനം നടത്താനുള്ള പരിശീലനം അവർ തുടങ്ങി.
രക്ഷപ്പെടുത്തൽ സാഹസികം
കഴിഞ്ഞ മാസം 26ന് എറണാകുളം തോപ്പുംപടി സ്വദേശിയായ തോബിയാസ് ചാക്കോ 500 അടിതാഴ്ചയുള്ള ഇവിടുത്തെ കൊക്കയിൽ വീണു മരിച്ചിരുന്നു.
ഇതിനു പുറമെ തൊടുപുഴ സ്വദേശികളായ യുവാക്കളും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. രണ്ടു സംഭവങ്ങളിലും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അതിസാഹസികഇവിടെ രക്ഷാപ്രവർത്തനമാണ് നടന്നത്.
സേഫ്റ്റി ഹാർനസും റോപ്പും അനുബന്ധ ഉപകരണങ്ങളും വാക്കിടോക്കിയുമായി ചെങ്കുത്തായതും വഴുവഴുക്കലും മുൾപ്പടർപ്പും നിറഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കിറങ്ങിയാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തെരച്ചിൽ നടത്തിയത്.
ആറു മണിക്കൂറിനു ശേഷമാണ് ആദ്യം അപകടത്തിൽപ്പെട്ടയാളെ മുകളിൽ എത്തിക്കാൻ ഇവർക്കു സാധിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അഗ്നിരക്ഷാസേന യൂണിറ്റിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് പരിശീലന പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചു കഴിഞ്ഞ ദിവസം ഓഫീസ് വളപ്പിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഇനിയൊരു അപകടമുണ്ടായാൽ രണ്ടുമണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തിയാക്കുന്നതിനാവശ്യമായ പരിശീലനമാണ് സേനാംഗങ്ങൾക്കായി നൽകിയത്.
അപകടസ്ഥലത്തും പരിശീലനം
അടുത്ത ഘട്ടത്തിൽ അപകടസ്ഥലത്തും പരിശീലനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മൂലമറ്റം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൾ അസീസ്, അസി.സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിൻസ് മാത്യു, ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനിൽ എം.കേശവൻ, എം.ഡി. സിജു, ജെയിംസ് തോമസ്, മനു ആന്റണി, എസ്.ആർ. അരവിന്ദ് തുടങ്ങി നിരവധിപേർ പരിശീലനത്തിൽ പങ്കെടുത്തു.
വെളിച്ചവും ഇല്ല
തുടർച്ചയായി അപകടം ഉണ്ടാകുന്ന ഇവിടെ വെളിച്ചം ഇല്ല. നേരത്തെ അപകടം ഉണ്ടായപ്പോൾ അഗ്നിരക്ഷാസേനാംഗങ്ങൾ ഇൻഫ്ളാറ്റബിൾ ടവർലൈറ്റ് ഉപയോഗിച്ചാണ് കൊക്കയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. അപകടം പതിവായിട്ടും പക്ഷേ, അധികാരികൾ കുലുങ്ങിയിട്ടില്ല. എഐവൈഎഫ് പ്രവർത്തകർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് മാത്രമായിരുന്നു ഇവിടത്തെ ഏക സുരക്ഷാസംവിധാനം. ക്രാഷ് ബാരിയറും മിനി ഹൈമാസ്റ്റ് ലൈറ്റും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ അടിയന്തരമായി സ്ഥാപിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കുമെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.