വോട്ടർ പട്ടിക പുതുക്കൽ: പേര് ചേർക്കാൻ 23,133 അപേക്ഷകൾ
1580926
Sunday, August 3, 2025 6:41 AM IST
ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ജില്ലയിൽനിന്ന് ഇന്നലെ വരെ പുതുതായി പേരുചേർക്കാൻ അപേക്ഷ നൽകിയത് 23133 പേർ. ജൂലൈ 23നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
ഒരാഴ്ച പിന്നിടുന്പോഴാണ് ഇത്രയും പേർ ഓണ്‍ലൈനായി അപേക്ഷ നൽകിയത്. ഇതിനു പുറമെ, കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 204 അപേക്ഷകളും ഒരു വാർഡിൽനിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റുന്നതിന് 2966 അപേക്ഷകളും വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കാൻ 1654 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്.
പേരു ചേർക്കുന്നതിനും പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്തുന്നതിനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ ഏഴു വരെ നൽകാം. കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്പോൾ ഹിയറിംഗിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും.
വോട്ടർ പട്ടികയിൽനിന്നു പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓണ്‍ലൈൻ അല്ലാതെയും നിർദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരേ തദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.