സ്ഥലപരിമിതിയിൽ വലഞ്ഞ് ഹോമിയോ ഡിസ്പെൻസറി
1580919
Sunday, August 3, 2025 6:41 AM IST
ചെറുതോണി: വായനശാലയിൽ താത്കാലിക സംവിധാനമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ഹോമിയോ ഡിസ്പെൻസറിയിൽനിന്നുതിരിയാൻ സ്ഥലമില്ലാതെ ജീവനക്കാരും രോഗികളും ദുരിതമനുഭവിക്കുന്നു.
വാഴത്തോപ്പ് പഞ്ചായത്തിന്റെ ചെറുതോണി ടൗണിൽ വാഴത്തോപ്പ് കവലയിൽ പ്രവർത്തിക്കുന്ന വായനശാലയിലാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നത്. ഭൂമിയാംകുളത്ത് പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ ഒൗട്ട് സ്റ്റേഷൻ ഡിസ്പെൻസറിയാണ് വാഴത്തോപ്പിലേത്.
തിങ്കളാഴ്ചകളിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന ഡിസ്പെൻസറിയിൽ രോഗികൾക്കു കയറിനിൽക്കാൻ പോലും സൗകര്യമില്ല. കനത്ത മഴയിൽ കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന രോഗികൾ പോലും ആശുപത്രിക്കു മുന്നിൽ കുടചൂടി നിൽക്കേണ്ട അവസ്ഥയാണ്. മുറിക്കുള്ളിൽ മരുന്ന് സൂക്ഷിക്കാൻ പോലും സ്ഥലമില്ല. വായനശാലയിലെത്തുന്നവർ ഉപയോഗിക്കുന്ന ഇരിപ്പിടം മാത്രമാണ് ഡോക്ടർക്ക് ഇരിക്കാനം രോഗികളെ പരിശോധിക്കാനുമുള്ളത്. ആശുപത്രിയിലെ ജീവനക്കാരും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുകയാണ്.