ലൈഫ് പദ്ധതി: പഞ്ചായത്തംഗം വ്യാജരേഖ ചമച്ചതായി പരാതി
1581315
Monday, August 4, 2025 11:24 PM IST
മൂന്നാർ: ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ പഞ്ചായത്ത് അംഗം വ്യാജരേഖ ചമച്ചതായി പരാതി. മൂന്നാർ ഗ്രാമപഞ്ചായത്തിലെ ലക്ഷ്മി വാർഡ് അംഗം സന്തോഷിനെതിരേയാണ് പരാതി. ലക്ഷ്മി എസ്റ്റേറ്റ് സ്വദേശിയായ മൂർത്തിക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാൻ പട്ടിക ജാതി ഡവലപ്മെന്റ് ഓഫീസറുടെ ഒപ്പും സീലും ഉപയോഗിച്ചതായാണ് ആരോപണം. മൂർത്തിക്ക് ലൈഫ് പദ്ധതിയിൽ നേരത്തേ തന്നെ വീട് ലഭിച്ചിരുന്നതാണ്.
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങൾ ആരോപണവുമായി രംഗത്ത് എത്തിയത്. പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിലെ ഒപ്പുമായി സാമ്യമുണ്ടെങ്കിലും ഒപ്പ് തന്റേതല്ലെന്ന് ഓഫീസർ വ്യക്തമാക്കിയതോടെയാണ് രേഖ വ്യാജമാണെന്ന് തെളിഞ്ഞത്. ഒപ്പും സീലും വ്യാജമായി നിർമിച്ചതാണെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഓഫീസർ പോലീസിൽ പരാതി നൽകി.
വ്യാജരേഖ ചമച്ചതിന് അംഗത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ഉപരോധവും നടന്നു. മുൻ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി. നെൽസണ്‍ അധ്യക്ഷത വഹിച്ചു. മൂന്നാർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. വിജയകുമാർ, ആർ. കറുപ്പസാമി, മാർഷ് പീറ്റർ എന്നിവർ പ്രസംഗിച്ചു.