സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1581314
Monday, August 4, 2025 11:24 PM IST
കുമളി: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് മക്കൾക്ക് പരിക്കേറ്റു. ചെങ്കര ശങ്കരഗിരി കപ്പയിൽ അരുണ്‍ (40) ആണ് മരിച്ചത്. മക്കളായ നന്ദു, ഗൗരി എന്നിവരെ പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം സ്കൂളിൽനിന്ന് മക്കളെ ചെങ്കര പുല്ലുമേട്ടിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പുല്ലുമേട്-ചെങ്കര റോഡിൽ സ്കൂട്ടർ നിയന്ത്രണംവിട്ടു സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരുണിന്റെ ഭാര്യ പ്രൻസി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബായിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. മക്കൾ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.