കോട്ടയത്തുമുണ്ടൊരു ഗ്യാപ് റോഡ്
1581060
Sunday, August 3, 2025 11:44 PM IST
കൈത-റബര്ത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് 35-ാമൈല്-ചോലത്തടം റോഡ്
കോട്ടയം: അരിക്കൊമ്പനെ പിടികൂടി കാട്ടിലേക്ക് അയയ്ക്കാനായി ലോറിയില്‍ കൊണ്ടുപോയപ്പോൾ ഒരു റോഡും സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ - ബോഡിമെട്ട് റോഡില്‍ മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശമായ മൂന്നാര്‍ ഗ്യാപ് റോഡാണ് വൈറലായ റോഡ്.
അടുത്ത നാളില്‍ ഹൈറേഞ്ചിലെ ജീപ്പുകളെല്ലാം റോഡ് ഷോ നടത്തി റോഡിനെ വീണ്ടും വൈറലാക്കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേട്ടങ്ങളുടെ റീല്‍സ് കാണിക്കുന്നതും ഈ റോഡാണ്. തേയിലത്തോട്ടങ്ങളും പാറക്കെട്ടുകളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്.
ഇതുപോലെ കാഴ്ചകള്‍ നല്കുന്ന ഒരു റോഡ് കോട്ടയം- ഇടുക്കി ജില്ലാ അതിര്‍ത്തിയിലുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കു പകരമായി കൈതയും റബര്‍ത്തോട്ടങ്ങളും വളവും പുളവും നിറഞ്ഞവഴികളുമുള്ള ഒരു മിനി ഗ്യാപ് റോഡ്. ദേശീയ പാത 183ല്‍ ഇടുക്കി ജില്ലയിലെ 35-ാംമൈലില്‍നിന്നു ബോയ്സ് എസ്റ്റേറ്റ്, കൊക്കയാര്‍ വഴി കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, കാവാലി വഴി ചോലത്തടത്തെത്തുന്നതാണ് റോഡ്. മലയോര ഹൈവേയുടെ ഭാഗമായ റോഡ് അടുത്ത നാളില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തതോടെ സഞ്ചാരികളുടെ റൈഡിംഗ് റൂട്ടും ഇഷ്ട ലൊക്കേഷനുമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
14 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ കെകെ റോഡിലെ 35-ാം മൈലില്‍നിന്നും പ്രവേശിക്കുമ്പോള്‍ തന്നെ കൈതത്തോട്ടങ്ങളാണ്. കൈതകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും എത്തി പിന്നെ റബര്‍ എസ്റ്റേറ്റിലേക്കാണ് പ്രവേശിക്കുന്നത്. മേലോരം, പെരുവന്താനം, വെംബ്ലി, ഉറുമ്പിക്കര വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ഈ റോഡില്‍നിന്നാണ് വഴി തിരിഞ്ഞു പോകുന്നത്.
കൂട്ടിക്കലിലെത്തി കോട്ടയം ജില്ലയില്‍ പ്രവേശിച്ചാല്‍ താളുങ്കല്‍ കാവാലി വഴി ചോലത്തടത്തേക്കുള്ള റോഡില്‍ കാവാലി വ്യൂ പോയിന്റ് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഹെയര്‍പിന്‍ വളവുകളും എസ് വളവുകളും നിറഞ്ഞ റോഡില്‍ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.
ചോലത്തടത്തുനിന്നും പൂഞ്ഞാര്‍ റോഡില്‍ പാതാമ്പുഴ വരെ കുത്തനെയുള്ള ഇറക്കവും എസ് വളവുകളുമാണ്. അസല്‍ ഹൈറേഞ്ച് വൈബ് സമ്മാനിക്കുന്ന യാത്രയാണ്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം ഭാഗത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗങ്ങളിലേക്കും പോകാനുള്ള എളുപ്പ വഴികൂടിയാണ്.