സൗജന്യ ചികിത്സാ പദ്ധതികളെല്ലാം അവതാളത്തിൽ
1581054
Sunday, August 3, 2025 11:44 PM IST
ചെറുതോണി: ആരോഗ്യമേഖലയിൽ കേരളം "നന്പർ വണ്’ എന്നു കൊട്ടിഘോഷിക്കുന്പോഴും നിർധന രോഗികൾക്കാശ്വാസമായിരുന്ന സർക്കാർ സഹായപദ്ധതികളെല്ലാംതന്നെ നിലച്ചിരിക്കുകയാണ്. സൗജന്യ ചികിത്സയിൽ ഒന്നാം സ്ഥാനത്തായിരുന്ന കാരുണ്യ ചികിത്സാ പദ്ധതി മാസങ്ങൾക്കു മുൻപേ നിലച്ചു. 1500 കോടി രൂപയോളം ഈ പദ്ധതി വഴി പാവപ്പെട്ടരോഗികൾക്ക് ചികിത്സയ്ക്കായി ലഭിച്ചതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജിൽനിന്നുവരെ ഈ പദ്ധതി വഴി സൗജന്യമായി മരുന്നുകൾ ലഭിച്ചിരുന്നു.
ബിപിഎൽ കുടുംങ്ങൾക്കു പരിധിയില്ലാതെ ചികിത്സ ലഭിച്ചുകൊണ്ടിരുന്ന സുകൃതം പദ്ധതിയും നിലച്ചു. ഇതുവഴി 35 ലക്ഷം കുടുംബങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സൗജന്യ മരുന്നാണ് കിട്ടാതായത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ ലഭിച്ചുകൊണ്ടിരുന്ന ആരോഗ്യകിരണം പദ്ധതിയും നിർത്തിവച്ചു. ഈ പദ്ധതിവഴി കോടിക്കണകണക്കിനു രൂപ സർക്കാർ നൽകാനുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഹൃദയചികിത്സ മാത്രം ഉൾപ്പെടുത്തിയുള്ള ഹൃദ്യം പദ്ധതി ആരംഭിച്ചെങ്കിലും ആശുപത്രികളിൽ കുടിശികയായതോടെ ഈ പദ്ധതിയും പ്രതിസന്ധിയിലായി. പ്രസവത്തിനും ചികിത്സയ്ക്കുമായി എത്തുന്ന സ്ത്രീകൾക്കായി തുടങ്ങിയതാണ് അമ്മയും കുഞ്ഞും കാരുണ്യസുരക്ഷാ പദ്ധതി. ഈ പദ്ധതിയും പണമില്ലാതെ ഇഴയുകയാണ്.
ഇത്തരം പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ സംസ്ഥാന ആരോഗ്യ ഏജൻസിയും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പധികൃതർ പറയുന്നു. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലെയും സേവനം ഒരു ഐഡിയിൽ എവിടെയും ലഭിക്കുന്ന ഇ - ഹെൽത്ത് പദ്ധതിയും പ്രവർത്തനരഹിതമായി. അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ മൃതസഞ്ജീവനി പദ്ധതിയും അവതാളത്തിലാണ്.