മൊബൈൽ ഇ-സേവാ കേന്ദ്രം വീണ്ടും ഓടിത്തുടങ്ങി
1580932
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: പ്രവർത്തനം നിലച്ചിരുന്ന ജില്ലയിലെ ഏക മൊബൈൽ ഇ - സേവാ കേന്ദ്രം നാളെ മുതൽ വീണ്ടും സേവന സജ്ജമാകും. സുപ്രീം കോടതിയുടെ സഹായത്തോടെ മുട്ടം ജില്ലാ കോടതിയോട് അനുബന്ധിച്ച് ആരംഭിച്ച മൊബൈൽ ഇ-സേവാ കേന്ദ്രം ഡ്രൈവറില്ലാത്തതിനെത്തുടർന്ന് ഒരുമാസമായി പ്രവർത്തനം നിലച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു.
സുപ്രീംകോടതി നിർദേശ പ്രകാരം കെഎസ്ആർടിസിയിൽനിന്ന് വിരമിച്ച പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന മാനദണ്ഡ പ്രകാരമാണ് ഇവിടെ ഡ്രൈവറായി നിയമിച്ചിരുന്നത്. ഇതു പ്രകാരം ഡ്രൈവറായി ജോലിക്ക് പ്രവേശിച്ച വ്യക്തി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായി.
പിന്നീട് ചുമതലയേറ്റ വ്യക്തിയും ജോലി അവസാനിപ്പിച്ചതോടെയാണ് സേവാ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസം പുതിയ ഡ്രൈവറെ നിയമിച്ചതായി അധികൃതർ പറഞ്ഞു.
മുട്ടത്ത് 2024 മേയ് 25ന് പ്രവർത്തനം ആരംഭിച്ച പുതിയ കുടുംബക്കോടതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മൊബൈൽ ഇ സേവാ കേന്ദ്രവും പ്രവർത്തനമാരംഭിച്ചത്. ഹൈക്കോടതി ജഡ്ജി എം. മുഹമ്മദ് മുഷ്താക്കാണ് ഇ-സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡ്രൈവറെ നിയമിക്കാത്തതിനെത്തുടർന്ന് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സേവാ കേന്ദ്രം പ്രവർത്തനസജ്ജമായത്.
സുപ്രീംകോടതി സംസ്ഥാനത്തിന് അനുവദിച്ച ആദ്യത്തെ ഇ-സേവാ കേന്ദ്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ആദിവാസി ജനസംഖ്യയുള്ള പ്രദേശമാണ് ഇടുക്കി എന്നതിനാലാണ് ഇത് ജില്ലയ്ക്ക് ലഭ്യമായത്. കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ടു കാബിനുകളോടു കൂടി രൂപകല്‍പ്പന ചെയ്ത മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ-സേവ കേന്ദ്രം.
സേവനങ്ങൾ
കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, ഓണ്‍ലൈൻ പകർപ്പ് അപേക്ഷകൾ, കേസുകളുടെ ഇ-ഫയലിംഗ്, ഇ-പേയ്മെന്റ് സഹായം, കോടതികളുടെ മൊബൈൽ ആപ്പിക്കേഷനുകളിൽ സഹായിക്കൽ, വെർച്വൽ കോടതികളിലെ ട്രാഫിക് ചെലാൻ തീർപ്പാക്കൽ, ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ അഭിഭാഷകർക്കും വ്യവഹാരികൾക്കും വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യം ലഭ്യമാക്കൽ, മൊബൈൽ കോടതിയായി പ്രവർത്തിപ്പിക്കുക, അദാലത്തിന് മുന്‍പുള്ള പ്രവർത്തനങ്ങൾ, സംവാദ പ്രോഗ്രാമുകൾ, ബോധവത്ക്കരണ പരിപാടികൾ, സാക്ഷി മൊഴി രേഖപ്പെടുത്തൽ തുടങ്ങിയവ ഇ-സേവാ കേന്ദ്രയുടെ പ്രത്യേകതകളാണ്.