രാമക്കൽമേട്ടിൽ ഇനി മാറ്റത്തിന്റെ കാറ്റടിക്കും
1581312
Monday, August 4, 2025 11:24 PM IST
കട്ടപ്പന: രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണത്തിനു സംസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചു. 1,02,40,305 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്.
പതിനായിരക്കണക്കിനു സന്ദർശകരെത്തുന്ന രാമക്കൽമേട്ടിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്നു ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ സംരംഭങ്ങൾക്കു രാമക്കൽമേട്ടിൽ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാറ്റാടിപ്പാടങ്ങൾ
ദിവസങ്ങളും നൂറു കണക്കിനു പേരാണ് സംസ്ഥാനത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും രാമക്കൽമേട്ടിലെത്തുന്നത്.
ഇവിടെനിന്നുള്ള തമിഴ്നാട്-കേരള അതിർത്തിയുടെ വിദൂര ദൃശ്യഭംഗിയും എപ്പോഴും കാറ്റ് വീശുന്ന രാമക്കൽമേട്ടിലെ സർക്കാർ വക കാറ്റാടിപ്പാടങ്ങളും നയനമനോഹര കാഴ്ചയാണ്.
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിനാണ് (ഡിടിപിസി) രാമക്കൽമേടിന്റെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണം എട്ടു മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പ്രവേശനം
രാവിലെ 8.30 മുതൽ വൈകിട്ട് ഏഴുവരെയാണ് സന്ദർശന സമയം. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 15 രൂപ, 15 വയസിനു മുകളിലുള്ളവർക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്.
രാമക്കൽമേട്ടിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡിടിപിസിക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മുഖം മിനുക്കൽ ഇങ്ങനെ
ചുറ്റുവേലി നിർമാണം, ഇരിപ്പിടങ്ങൾ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, പുൽമൈതാനം, സോളാർ ലൈറ്റ്, മാലിന്യക്കൂടകൾ, പൊതുശൗചാലയങ്ങൾ, കുറവൻ കുറത്തി ശില്പം, മലമുഴക്കി വേഴാന്പൽ വാച്ച്ടവർ, ചെറിയ കുട്ടികളുടെ പാർക്ക്, കാന്റീൻ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.