തീവ്രമഴ മുന്നറിയിപ്പ്; ജില്ലയിൽ നാലു ദിവസം ഓറഞ്ച് അലർട്ട്
1580930
Sunday, August 3, 2025 6:41 AM IST
തൊടുപുഴ: തീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് ഇന്നു മുതൽ ആറു വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു.
കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം ബുധനാഴ്ച വരെ പൂർണമായും നിരോധിച്ചു. ശക്തമായ മഴ പെയ്താൽ പാറക്കഷണങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ രാത്രിയും പകലും റോഡിനോടു ചേർന്നുള്ള വാഹന പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ടിന്റെയും കഴിഞ്ഞ ആഴ്ചയിൽ മരം വീണ് രണ്ട് പേർ മരിച്ചതിന്റെയും പശ്ചാത്തലത്തിൽ ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ, തോട്ടം മേഖലയിലെ ജോലികൾ എന്നിവയിലേർപ്പെടുന്ന തൊഴിലാളികൾക്ക് കർശന ജാഗ്രതാ മുന്നറിയിപ്പും നൽകി. തൊഴിലാളികൾക്ക് അപകട ഭീഷണി ഒഴിവാക്കുന്നതടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തോട്ടം ഉടമകൾക്കും നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, മലയോര മേഖലകളിലെ ട്രക്കിംഗ്, ഓഫ് റോഡ് ജീപ്പ് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങളും നിർത്തിവയ്ക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ പോലെ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ക്യാന്പുകളിലേക്കോ മാറി താമസിക്കണം. ഇതിനായി ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കാൻ അധികൃതർക്ക് നിർദേശം നൽകി.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടില്ലെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അലർട്ടുകൾ പിൻവലിക്കുന്നതു വരെ ജില്ലാ വിട്ടു പോകാൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചു. റെഡ് അലർട്ടിനു സമാനമായ മുൻകരുതലാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.