മെഡി. കോളജ് ആശുപത്രി റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ
1581052
Sunday, August 3, 2025 11:44 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. പഴയ ആശുപത്രി കെട്ടിടത്തിനു താഴെയുള്ള റോഡാണ് അപകടനിലയിലായിരിക്കുന്നത്. ട്രാൻഫോർമറിനു സമീപം ഏറെ താഴ്ചയുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞുപോയിരിക്കുന്നത്. ടാർ ചെയ്ത റോഡിന്റെ അടിയിൽനിന്നു മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. റോഡിലൂടെ ഒഴുകുന്ന മഴവെള്ളം റോഡിന്റെ ഇടിഞ്ഞുപോയ ഭാഗത്തുകൂടി താഴോട്ടൊഴുകുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞുപോകാൻ സാധ്യതയേറെയാണ്.
ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴിയാണ് ആശുപത്രിയിലേക്കു വരുന്നതും തിരികെപ്പോകുന്നതും. ഒരേസമയം രണ്ടു വാഹനങ്ങൾ ഇവിടെയെത്തിയാൽ റോഡ് തകർന്ന് അപകടം സംഭവിക്കാം. ഇതിന്റെ എതിർ വശത്താണ് ആശുപത്രിയുടെ സംരക്ഷണഭിത്തി നിലം പതിക്കാറായ നിലയിൽ സ്ഥിതിചെയ്യുന്നത്. വലിയ ദുരന്തത്തിനുതന്നെ കാരണമായേക്കാവുന്ന സംരക്ഷണഭിത്തിയും ഇടിഞ്ഞ് ഗർത്തമായിരിക്കുന്ന റോഡും എത്രയും വേഗം നന്നാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.