പടയപ്പ പടപ്പുറപ്പാടിൽ; വനത്തിലേക്ക് തുരത്തണം
1580931
Sunday, August 3, 2025 6:41 AM IST
മൂന്നാർ: ജനവാസമേഖലയിൽനിന്നു കാട്ടുകൊന്പൻ പടയപ്പയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. പതിവായി എസ്റ്റേറ്റ് മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊന്പൻ ആളുകളുടെ സ്വൈരജീവിതത്തിന് തടസമാകുകയാണ്.
അപ്രതീക്ഷിതമായി ആനയുടെ മുന്പിൽപ്പെടുമോയെന്ന ആശങ്ക ആളുകൾക്കുണ്ട്. കുണ്ടള ചെണ്ടുവര എസ്റ്റേറ്റിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുകൊന്പൻ അവിടെയുള്ള കൃഷികൾ നശിപ്പിക്കുകയാണ്. മഴക്കാലമാരംഭിച്ച് വനത്തിനുള്ളിൽ തീറ്റയും വെള്ളവും വർധിച്ചിട്ടും കാട്ടുകൊന്പൻ കാടുകയറാൻ തയാറായിട്ടില്ല. കാട്ടാന കുണ്ടള ചെണ്ടുവര എസ്റ്റേറ്റ് മേഖലയിലൂടെയാണ് നിലവിൽ കാട്ടാന ചുറ്റിത്തിരിയുന്നത്.
മുന്പ് മഴക്കാലങ്ങളിൽ കാടുകയറിയിരുന്ന കാട്ടുകൊന്പൻ വേനൽക്കാലത്തായിരുന്നു ജനവാസ മേഖലയിൽ തിരികെയെത്തി തീറ്റതേടിയിരുന്നത്. ആനയുടെ ഈ പ്രവണതയ്ക്കിപ്പോൾ മാറ്റം വന്നു കഴിഞ്ഞു. മുൻകാലങ്ങളിൽ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോൾ ഇടയ്ക്കിടെ ആക്രമണസ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇതും തൊഴിലാളി കുടുംബങ്ങളിൽ ആശങ്ക ഉയർത്തുകയാണ്.