ഈട്ടിത്തോപ്പ്-തൂവൽ റോഡ് താറുമാറായി
1581063
Sunday, August 3, 2025 11:45 PM IST
കട്ടപ്പന: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ തൂവൽ അരുവിയിലേക്കുള്ള ഏക സഞ്ചാരപാതയായ ഈട്ടിത്തോപ്പ് - തൂവൽ റോഡ് താറുമാറായിട്ട് നാളുകളേറെയായി. ഈ ദുർഘടപാത സഞ്ചാരയോഗ്യമാക്കാൻ ത്രിതല പഞ്ചായത്തുകളുടെ നാമമാത്രമായ തുക തികയുകയില്ല. അരുവിയിലേക്ക് എത്തുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
നിലവിൽ കാൽനടയാത്രയ്ക്കു പോലും യോഗ്യമല്ലാത്ത റോഡാണിത്. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിലെ വികാരിമാരും നാട്ടുകാരും ഈ ആവശ്യമുന്നയിച്ച് ഇടതുപക്ഷ മുന്നണി നേതാക്കളെ സമീപിക്കുകയും കേരള സർക്കാരിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിനായി അഞ്ചു കോടിയിലധികം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തുക വകമാറ്റാൻ ശ്രമം നടക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഇരട്ടയാർ പഞ്ചായത്തിലെ അവികസിത മേഖലകളായ കുപ്പച്ചാന്പടി, തേക്കിൻ കാനം, ഈട്ടിത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരും വിദ്യാർഥികളും താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തെത്താൻ ഉപയോഗിക്കുന്നതും തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്നതുമായ ഈട്ടിത്തോപ്പ് - തൂവൽ റോഡ് കാലവർഷം കഴിയുന്നതോടെ പണി ആരംഭിക്കണം എന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കുന്നതിനുവേണ്ടി തുക അനുവദിച്ച എംഎൽഎയും ഇടതുപക്ഷ നേതാക്കളെയും അനുമോദിക്കുന്നതായും എഴുകുംവയൽ നാട്ടുകൂട്ടം പ്രവർത്തകർ അറിയിച്ചു.