ജില്ലയിൽ കനത്ത മഴ; ഇന്നും നാളെയും ഓറഞ്ച് അലർട്ട്
1581062
Sunday, August 3, 2025 11:45 PM IST
തൊടുപുഴ: ജില്ലയിൽ വിവിധ മേഖലകളിൽ വീണ്ടും കനത്ത മഴ. അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറിന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ ഉച്ചവരെ മഴയുണ്ടായില്ല. ഉച്ചയ്ക്കു ശേഷം പലയിടങ്ങളിലും ശക്തമായ മഴ പെയ്തു.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലയിൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. അതിശക്തമായ മഴയെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രിയും മഴയ്ക്കു ശമനമായിട്ടില്ല. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക വർധിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അടിയന്തര ഘട്ടത്തിൽ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനവും മണ്ണെടുപ്പും കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതവും റോഡിനോടു ചേർന്നുള്ള വാഹന പാർക്കിംഗും നിരോധിച്ചു.